നിലമ്പൂരിലും പെട്ടിപരിശോധനാ വിവാദം: ഷാഫിയുടെയും രാഹുലിന്റെ വാഹനം തടഞ്ഞു; ‘പൊട്ടിത്തെറിച്ച് ഷാഫി

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനമാണ് പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ പെട്ടി പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരിന്നു സംഭവം. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു.

പൊട്ടിമുളച്ച് എംഎല്‍എയും എംപിയും ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തുവെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണം പിന്നാലെ എല്‍.ഡി.എഫ്. ഉയര്‍ത്തിയതിന് പിന്നാലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലപ്പെട്ടിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

ശനിയാഴ്ച രാത്രി ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം വടപുറത്ത് എത്തിയപ്പോള്‍ പോലീസ് കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു. കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപിതരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News