കൊച്ചി:രാജ്യം മുഴുവന്‍ കോവിഡ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആകെ ബുദ്ധിമുട്ടിലായത സിനിമാ വ്യവസായമാണ്. ഒന്നാം തരംഗത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ച മേഖല ഇടയ്ക്ക് വെച്ച് തിയേറ്ററുകള്‍ തുറന്നപ്പോള്‍ കരകയറി വന്നിരുന്നതാണ്. എന്നാല്‍ കോവിഡ് രണ്ടാം ഘട്ടത്തില്‍ ആദ്യത്തേതിനേക്കാള്‍ മോശകരമായാണ് സിനിമാ മേഖല കടന്നു പോകുന്നത്.
ലോക് ഡൗണ്‍ മൂലം സിനിമാ വ്യവസായം ആകെ സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിസന്ധി സാരമായി തന്നെ ബാധിച്ചിരിക്കുകയാണെന്നും സിനിമ സംഘടനകളും സര്‍ക്കാരും സഹായിക്കണമെന്ന അപേക്ഷയുമായി എത്തിിരിക്കുകയാണ് നിര്‍മ്മാതാവ് ബാദുഷ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബാദുഷയുടെ വാക്കുകള്‍:
ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥിതി സിനിമാ മേഖലയെ വലിയ പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് പലരുടെയും ജീവിതം. അതിനിടയിലാണ് പല ദുഃഖകരമായ വാര്‍ത്തകളും വരുന്നത്.
ലോക് ഡൗണ്‍ മൂലം സിനിമാ വ്യവസായം ആകെ സ്തംഭിച്ചിരിക്കുന്നു. തൊഴിലില്ലാത്ത നിരവധി പേര്‍ കഷ്ടപ്പെടുകയാണ്. സത്യം പറഞ്ഞാല്‍ നന്നായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കടക്കാരുടെ ശല്യപ്പെടുത്തലുകള്‍, പാല്‍, പത്രം, കേബിള്‍, കറന്റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളം. അഭിമാന പ്രശ്‌നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം.
എന്നാല്‍ ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരില്‍ കാണേണ്ടി വരും. സിനിമാ സംഘടനകള്‍ക്കും സര്‍ക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.