തിരുവനന്തപുരം:ദിലീപും തമന്നയും മുഖ്യവേഷങ്ങളിലെത്തിയ ബാന്ദ്ര സിനിമയ്ക്കെതിരെ സോഷ്യൽമീഡിയയിൽ മോശം റിവ്യൂ പോസ്റ്റ് ചെയ്ത് യൂട്യൂബ് വ്ലേഗർമാർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നർദ്ദേശം. കേസിലെ പ്രതികളായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ളോഗ്‌സ്, ഷാൻ മുഹമ്മദ്, അർജുൻ, ഹിജാസ് ടാക്‌സ്, സായികൃഷ്ണ എന്നിവർക്കെതിരെയാണ് പൂന്തുറ പൊലീസ് അന്വേഷണം നടത്തുക.
കഴിഞ്ഞ വർഷം നവംബർ പത്തിനാണ് ബാന്ദ്ര റിലീസ് ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് സിനിമ റിലീസ് ചെയ്ത് അരമണിക്കൂർ ആകുന്നതിന് മുൻപ് തന്നെ പ്രതികൾ മോശം പരാമർശവുമായി സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ട് 27 ലക്ഷത്തോളം പേരാണ് വ്ലോഗർമാരുടെ പോസ്റ്റുകൾ കണ്ടത്.
ഇതിനുപിന്നാലെയാണ് ബാന്ദ്രയുടെ അണിയറപ്രവർത്തകർ പ്രതികൾക്കെതികരെ പരാതിയുമായി രംഗത്തെത്തിയത്.സിനിമാ വ്യവസായത്തെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് വ്ലോഗർമാർ മോശം പരാമർശം നടത്തിയതെന്ന് പ്രതികരണവുമായി ബാന്ദ്രയുടെ നിർമാതാവ് വിനായക അജിത്ത് രംഗത്തെത്തിയിരുന്നു.
അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര പ്രണയവും ആക്ഷനും കുടുംബബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയാണ്. മംമ്ത മോഹൻദാസും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ടായിരുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരാണ് ബാന്ദ്രയിലെ മറ്റുതാരങ്ങൾ.