അവര്‍ മതം ചോദിച്ചു, ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ രുദ്രാക്ഷം പുറത്തുകാട്ടി; ഡല്‍ഹിയിലെ ദുരനുഭവം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ദുഷ്‌കരമായ അവസ്ഥകള്‍ വെളിപ്പെടുത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍. മതം ചോദിച്ച് കലാപകാരികള്‍ ജനങ്ങളെ അക്രമിക്കുകയാണെന്ന് എന്‍ഡിടിവിയുടെ സീനിയര്‍ കറസ്‌പോണ്ടന്റ് സൗരഭ് ശുഖ്ല പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ച് ഞായറാഴ്ച മുതല്‍ താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെ തങ്ങളുടെ സംഘം മജ്പുരില്‍ എത്തുമ്പോള്‍ ജനക്കൂട്ടം ആളുകളെ കൊള്ളയടിക്കുകയും, കല്ലെറിയുകയും, കടകള്‍ നശിപ്പിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
ചിലസ്ഥലങ്ങളില്‍ വെടിയൊച്ചയും കേള്‍ക്കാമായിരുന്നു. ഉച്ചകഴിഞ്ഞ് തന്റെ സഹപ്രവര്‍ത്തകനായ അരവിന്ദ് ഗുണശേഖരുമായി നേരെ പോയത് കാര്‍വാല്‍നഗറിലേക്കും ഗോഗുല്‍പുരിയിലേക്കുമാണ്. മജ്പുരിലേതിനേക്കാളും ഭയാനകമായ കാഴ്ചകളാണ് അവിടങ്ങളില്‍ കാണാന്‍ സാധിച്ചത്. മൊബൈല്‍ ഫോണിലാണ് പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീടുകള്‍ കത്തിച്ചു കളയുന്നതും മതസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നതും കണ്ടു. ഇവിടങ്ങളിലൊന്നും പോലീസിനെ കാണാനില്ലായിരുന്നു.
ഒരു ആരാധനാലയം തകര്‍ക്കാന്‍ പോകുന്നു എന്ന് കേട്ടാണ് പിന്നീട് സീലംപുരിലേക്ക് എത്തുന്നത്. ഇരുനൂറോളം വരുന്ന ഒരു ആള്‍കൂട്ടമാണ് എന്തിനും തയാറായി നില്‍ക്കുന്നത്. ഇതിനിടയിലാണ് അരവിന്ദിനെ ഒരു ആള്‍കൂട്ടം പിടികൂടുന്നത്. ഏതാണ്ട് 50-60 പേരടങ്ങിയ സംഘം അദ്ദേഹത്തെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന ഫൂട്ടേജുകള്‍ ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. അദ്ദേഹത്തെ രക്ഷിക്കാന്‍ ചെന്ന തനിക്കും മര്‍ദ്ദനമേറ്റു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടിയല്ല, വിദേശ ഏജന്‍സിക്ക് വേണ്ടിയാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കലാപകാരികളോട് പ്രസ് കാര്‍ഡ് കാണിച്ച് വിശദീകരിച്ചു.
‘അപ്പോഴാണ് അവര്‍ എന്റെ പേര് ശ്രദ്ധിച്ചത്. അതില്‍ ശുഖ്ല എന്നത് ശ്രദ്ധിച്ച ഒരാള്‍ മറ്റുള്ളവരോട് ഞാന്‍ ബ്രാഹ്മണനാണെന്ന് പറഞ്ഞു. ജീവന്‍ രക്ഷിക്കുവാനായി ഞാന്‍ രുദ്രാക്ഷം പുറത്തുകാട്ടി. ഏറ്റവും വേദനാജനകമായ ഒരു അവസ്ഥയായിരുന്നു അതെന്ന് എന്‍ഡിടിവിയിലെഴുതിയ അനുഭവക്കുറിപ്പില്‍ സൗരഭ് പറയുന്നു.