ന്യൂഡല്‍ഹി: ഇനിയൊരു രാഷ്ട്രീയനേതാവിനെ അറസ്റ്റുചെയ്യുമ്പോള്‍ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നൂറുവട്ടം ചിന്തിക്കും. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സിക്ക് സുപ്രീംകോടതി നല്‍കിയ താക്കീത് അത്രയും ശക്തമായിരുന്നു. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന പി.എം.എല്‍.എ. നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നടത്തിയ നിരീക്ഷണം കേന്ദ്രസര്‍ക്കാരിനുകൂടിയുള്ള മുന്നറിയിപ്പായി.
എ.എ.പി.ക്കെതിരേ മുഖ്യ ആയുധമാക്കിയ മദ്യനയക്കേസില്‍ അവരുടെ ദേശീയനേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. ജയിലിലാക്കിയതിന് തൊട്ടുപിന്നാലെ ഇതേ കേസില്‍ മറ്റൊരു നേതാവിന് ജാമ്യം അനുവദിച്ചത് ബി.ജെ.പി. സര്‍ക്കാരിന് വലിയ തിരിച്ചടിയായി. സഞ്ജയ് സിങ്ങിന്റെ ജാമ്യത്തെ ഇ.ഡി. ചൊവ്വാഴ്ച എതിര്‍ത്തില്ലെന്നത് ശരിയാണെങ്കിലും ആ നിലപാടിലേക്ക് അവരെ നയിച്ചത് സുപ്രീംകോടതിയുടെ ശക്തമായ ചോദ്യങ്ങളും നിരീക്ഷണങ്ങളുമായിരുന്നു.
സഞ്ജയ് സിങ്ങിന്റെ ജാമ്യത്തെ നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് ഈ കേസിന്റെ യോഗ്യതയിലേക്ക് (മെറിറ്റ്) കടക്കേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയതാണ് ഇ.ഡി.യെ മാറ്റിച്ചിന്തിപ്പിച്ചത്. യോഗ്യതയിലേക്ക് കടന്നാല്‍ തങ്ങള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ കേസിന്റെ വിചാരണയെ ബാധിച്ചേക്കാമെന്നുവരെ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇ.ഡി. പിന്നാക്കംപോവുകയായിരുന്നു. വാദത്തിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞശേഷം വീണ്ടും ചേര്‍ന്നപ്പോള്‍ ഇ.ഡി. ജാമ്യത്തെ എതിര്‍ക്കുന്നില്ലെന്ന നിലപാടിലേക്ക് മാറി.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇ.ഡി.യെ ആയുധമാക്കുന്നെന്ന് വ്യാപക ആരോപണമുയരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. കൃത്യമായ തെളിവുകളില്ലാതെ ആരെയും പിടിച്ച് അകത്തിട്ടാല്‍ ഇടപെടുമെന്ന സൂചനയാണ് കോടതി നല്‍കിയത്.
ഡല്‍ഹി മദ്യനയക്കേസിലെ കുറ്റപത്രത്തിലും അഞ്ച് അനുബന്ധ കുറ്റപത്രങ്ങളിലുമായി 36 പ്രതികളാണുള്ളത്. അതില്‍ 16 പേര്‍ അറസ്റ്റിലായതില്‍ അഞ്ചുപേര്‍ക്കാണ് ജാമ്യം ലഭിച്ചത്. മൂന്നുപേര്‍ മാപ്പുസാക്ഷികളുമായി. ബാക്കി എട്ടുപേരുടെ ജാമ്യത്തെ എതിര്‍ക്കുമ്പോള്‍ ഇ.ഡി.ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുകൂടി മറുപടി കരുതിവെക്കേണ്ടിവരും.
ജയിലിലുള്ളവര്‍
- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
- ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
- എ.എ.പി. മാധ്യമവിഭാഗം മുന്‍മേധാവി വിജയ് നായര്‍
- ബി.ആര്‍.എസ്. നേതാവ് കെ. കവിത
- വ്യവസായി സമീര്‍ മഹേന്ദ്രു
- വ്യവസായി അമിത് അറോറ
- അരുണ്‍ രാമചന്ദ്രപിള്ള
- അമന്‍ദീപ് ധാള്‍
പുറത്തെത്തിയവര്‍:
- സഞ്ജയ് സിങ് എം.പി.
- പെര്‍നോഡ് റിക്കാര്‍ഡ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ ബിനോയ് ബാബു
- വ്യവസായി അഭിഷേക് ബോനിപ്പള്ളി
- മദ്യവ്യവസായി ഗൗതം മല്‍ഹോത്ര
- വ്യവസായി രാജേഷ് ജോഷി
മാപ്പുസാക്ഷികള്‍:
- അരബിന്ദോ ഫാര്‍മ ഡയറക്ടര്‍ പി. ശരദ്ചന്ദ്ര റെഡ്ഡി
- ടി.ഡി.പി. നേതാവ് ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ റെഡ്ഡി
- വ്യവസായി ദിനേശ് അറോറ
മദ്യനയക്കേസില്‍ സുപ്രീംകോടതി ജാമ്യംനല്‍കിയ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താം. എന്നാല്‍ മദ്യനയക്കേസിലെ തന്റെ പങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രസ്താവനകള്‍ പാടില്ലെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി ബുധനാഴ്ച സഞ്ജയ് സിങ്ങിന് ജാമ്യവ്യവസ്ഥ നിശ്ചയിച്ചു. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതി തീരുമാനിക്കുമെന്നാണ് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞിരുന്നത്.
രാജ്യംവിട്ട് പോകരുതെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. അതുപ്രകാരം പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കണം. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി, രാജ്യതലസ്ഥാനത്തിന് പുറത്തുപോകരുതെന്ന നിബന്ധന പാടില്ലെന്ന് സഞ്ജയ് സിങ്ങിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. അതനുവദിച്ച് തലസ്ഥാന പരിധിക്ക് പുറത്തേക്കുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് വിശദമായ യാത്രാപദ്ധതി കൈമാറണം. ആളെ പിന്തുടരാന്‍ എല്ലായ്‌പ്പോഴും ഫോണില്‍ ലൊക്കേഷന്‍ ഓണ്‍ ചെയ്തുവെക്കണമെന്നും നിര്‍ദേശിച്ചു. തെളിവുനശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിങ്ങിനെ ഇ.ഡി. അറസ്റ്റുചെയ്തത്. കേസില്‍ ജാമ്യം ലഭിക്കുന്ന ആദ്യ ആം ആദ്മി പാര്‍ട്ടി നേതാവാണ് സഞ്ജയ് സിങ്. കരള്‍സംബന്ധമായ ചികിത്സയ്ക്ക് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ബുധനാഴ്ച വിട്ടയച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റുചെയ്തതോടെ നേതൃത്വപ്രതിസന്ധിയിലായ എ.എ.പിക്ക് സഞ്ജയ് സിങ്ങിന്റെ തിരിച്ചുവരവ് ഊര്‍ജമാകും.