കൊച്ചി : പെരുമ്പാവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 20 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്.
തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന നിലയിൽ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം. വൈകിട്ട് ആറു മണിയോടെയായിരുന്നു മൃതദേഹം കണ്ടത് . സമീപത്തെ സിസി ടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം രാജസ്ഥാനിലെ ജയ്‌പൂരിൽ ഇന്നലെ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീടിനുളളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതാപ്ഗഡിലുളള വീട്ടിലാണ് പെൺകുട്ടികളെ ശനിയാഴ്ച പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.സഹപാഠിയടക്കം മൂന്ന് പേർ പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികൾ തന്റെ പെൺമക്കളെ ഉപദ്രവിച്ചിരുന്നതായി ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയടക്കം മൂന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് സൂപ്രണ്ട് അമിത് ബുധാനിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ പെൺകുട്ടികളെ പീഡിപ്പിച്ചതായും തുടർന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.