സ്വയം കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിത്തുടങ്ങി; പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി: അങ്കമാലിയില്‍ പിതാവ് നിലത്തെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. കുഞ്ഞ് സ്വയം കണ്ണ് തുറന്നതായി ഡോക്ടര്‍ പറഞ്ഞു. കൈകാലുകളും അനക്കിത്തുടങ്ങിയെന്നും കരയാന്‍ തുടങ്ങിയെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സോജന്‍ ഐപാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്നലെ ആയിരുന്നു കുട്ടിയുടെ ആദ്യ ശസ്ത്രക്രിയ. ഇതിന് പിന്നാലെ ലഭിക്കുന്നത് നല്ല സൂചനകളാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതാണ് നിലവിലെ ചലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അടുത്ത മണിക്കൂറുകളിലേക്ക് ഇതേ അവസ്ഥ തുടരണമെന്നും പ്രതീക്ഷ നല്‍കുന്ന സൂചനയാണിതെന്നും ഡോക്ടര്‍ പറഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ കുട്ടിയുടെ തലച്ചോറില്‍ കെട്ടിക്കിടക്കുന്ന രക്തവും നീര്‍ക്കെട്ടും ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ കുട്ടി കരയാനും കണ്ണ് തുറക്കാനും ശ്രമിച്ചതിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കുട്ടിയെ ഓക്സിജന്റെ സഹായത്തോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

മൂന്ന് ദിവസം മുമ്പാണ് പെണ്‍കുഞ്ഞാണെന്നതിന്റെ പേരില്‍ 55 ദിവസം പ്രായമായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിലാകുന്നത്. അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. അന്‍പത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലയ്ക്കടിച്ചുമാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News