ബറേലി: കുളത്തിലെറിഞ്ഞ കുഞ്ഞിന് രക്ഷാകവചമായത് കുളവാഴയും പായലും. ആരോ കുളത്തിലെറിഞ്ഞ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞാണ് കുളവാഴയിൽ കുടുങ്ങി കിടന്നതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഖാത്തുവ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കൃഷിസ്ഥലത്തേക്കു പോവുകയായിരുന്ന ഗ്രാമത്തലവൻ വകീൽ അഹമ്മദിനാണ് കുഞ്ഞിനെ കിട്ടിയത്.
വീട്ടിൽ നിന്നും കൃഷിസ്ഥലത്തേക്കു പോവുകയായിരുന്ന വകീൽ അഹമ്മദ് കുളത്തിൽ നിന്നും ചെറിയ ഞരക്കം പോലുള്ള ശബ്ദം കേട്ടാണ് അങ്ങോട്ടേയ്ക്ക് നോക്കിയത്. അപ്പോഴാണ് വഴിയരികിലെ കുളത്തിൽ കഴുത്തോളം മുങ്ങി ഒരു കുഞ്ഞ് കിടക്കുന്നതായി കണ്ടത്.
കുളത്തിന്റെ നടുക്ക് കിടക്കുന്ന കുഞ്ഞിനെ എങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ കുഴങ്ങിയ അദ്ദേഹം ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. പരിശോധനയിൽ കുഞ്ഞിന്കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തി.
കുളവാഴയിലും പായലിലും വീണതിനാലാണ് കുഞ്ഞിനെ പരിക്കുകളൊന്നും കൂടാതെ രക്ഷിക്കാനായത്. ആരോ കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞപ്പോൾ കുളവാഴ, പായൽ മെത്തയിൽ ഉടക്കുകയയിരുന്നു.
ഇതിനാൽ മുങ്ങിപ്പോയില്ല. കരയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് കുഞ്ഞ് കിടന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ച കുഞ്ഞ് ആരോഗ്യവതിയാണ്. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി. കുഞ്ഞിനെത്തേടി ആരും ഇതുവരെ എത്തിയിട്ടില്ല.