തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചു. കേന്ദ്ര ജല വിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന ജലവിഭവ, പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് കത്തയച്ചിരിക്കുന്നത്.
എര്‍ത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ ആവശ്യങ്ങളാണ് ഇപ്പോള്‍ കേന്ദ്രം കേരളത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. സെക്രട്ടറിതല യോഗത്തില്‍ തമിഴ്നാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബേബി ഡാമിന്റെ സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയിരുന്നു.
ബേബി ഡാം ശക്തിപ്പെടുത്താനാണ് അണക്കെട്ടിനോട് ചേര്‍ന്ന 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടത്. സംസ്ഥാനം 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. പിന്നീട് വിവാദമായതിനെത്തുടര്‍ന്ന് ഉത്തരവ് മരവിപ്പിച്ചു. ഇതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും കത്തയച്ചിരിക്കുന്നത്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കാനാവുമോ എന്ന് കേരള സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിയമോപദേശം ലഭിച്ച ശേഷം മാത്രം മതിയെന്നാണ് തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരെ മാത്രം നടപടി എടുത്താല്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡാമിലെ റൂള്‍ കര്‍വിനെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയര്‍ത്തണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാള്‍ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
ഇതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചര്‍ച്ച ഡിസംബറില്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള മന്ത്രിമാര്‍ അറിഞ്ഞാണ് ഉത്തരവെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുഗന്‍ പറഞ്ഞിട്ടില്ല. മരമുറിക്കല്‍ ഉത്തരവ് നിയമവിരുദ്ധമായത്‌കൊണ്ടാണ് മരവിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.