അയോധ്യ :അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ. ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ഏറെ വിവാദമായ സംഭവത്തിലെ വിധിയാണ് വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ സുരക്ഷ ശക്തമാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഏതൊക്കെ ജില്ലകളിലാണ് സംഘര്‍ഷ സാധ്യത എന്ന് പരിശോധിച്ച് നിരീക്ഷണം ശക്തമാക്കണം. സോഷ്യല്‍ മീഡിയയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണം. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇരുവിഭാഗങ്ങളിലെയും ചില ശക്തികള്‍ വിധി വര്‍ഗീയ വല്‍ക്കരിച്ചേക്കാം.
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചില മുസ്ലിം സംഘടനകള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. പള്ളി പൊളിച്ച കേസില്‍ പ്രതികളെ ശിക്ഷിക്കപ്പെടാതെ നീതി ലഭിക്കില്ലെന്ന് ഇവര്‍ കരുതുന്നു. അവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ വിധിയാണ് വരുന്നതെങ്കില്‍ പ്രക്ഷോഭ സാധ്യതയമുണ്ട്. ചില സംഘടനകള്‍ ഈ അവസരം സിഎഎ വിരുദ്ധ സമരം വീണ്ടും ആരംഭിക്കാനുള്ള അവസരമായി കണ്ടേക്കാം. പള്ളി പൊളിച്ച കേസിലെ പ്രതികളെ വെറുതെ വിടുമെന്നാണ് ഹിന്ദു സംഘടനകള്‍ കരുതുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അവരും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കനത്ത ജാഗ്രത വേണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു