ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കോടതിയിൽ നേരിട്ട് ഹാജരായ പതഞ്ജലി ആയുർവേദയുടെ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. നിരുപാധികം നേരിട്ട് മാപ്പുപറയാൻ ബാബ രാംദേവിനെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
കോടതിയലക്ഷ്യ കേസിൽ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും ചൊവ്വാഴ്ച നേരിട്ട് സുപ്രീം കോടതിയിൽ ഹാജരായിരുന്നു. സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഇരുവരും ഹാജരായത്. എന്നാൽ, കോടതിയിൽ ഉണ്ടായിരുന്ന ഒരു മണിക്കൂറും ഇരുവർക്കും ഒന്നും പറയാൻ ബെഞ്ച് അനുമതി നൽകിയില്ല. ഇരുവരും മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലവും ഫയൽ ചെയ്തിരുന്നു. ആചാര്യ ബാലകൃഷ്ണന്റെ സത്യവാങ്മൂലം തങ്ങൾക്ക് ലഭിച്ചുവെങ്കിലും താമസിച്ച് ഫയൽചെയ്തതിനാൽ ബാബ രാംദേവിന്‍റെ സത്യവാങ്മൂലം ലഭിച്ചില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇരുവരും സത്യവാങ്മൂലത്തിലൂടെ അറിയിച്ച ഖേദം ആത്മാർത്ഥമല്ലെന്ന് ജസ്റ്റിസുമാരായ ഹിമ കോലിയും എ. അമാനുള്ളയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരിടത്ത് നിരുപാധികം മാപ്പെന്ന് പറയുമ്പോൾ, മറ്റൊരിടത്ത് കോടതി ആവശ്യപ്പെടുന്ന മാപ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽനിന്നുതന്നെ എല്ലാം വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തിലെ ചില രേഖകളുടെ വിശ്വാസ്യതയും കോടതി ചോദ്യംചെയ്തു. വ്യാജമായ കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ഉണ്ടെങ്കിൽ അതിന് കർശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
കോടതിയുടെ പരിഗണനയിൽ കേസ് ഉണ്ടായിരുന്നപ്പോഴും കോടതിയലക്ഷ്യ നടപടികൾ നടന്നെന്ന് ബെഞ്ച് നിരീക്ഷിച്ചു. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം വാർത്താസമ്മേളനം വിളിച്ചുചേർത്ത് കോടതിയലക്ഷ്യ നടപടി തുടർന്നു. ഇപ്പോൾ പറയുന്നത് പതഞ്ജലിയുടെ മാധ്യമ വിഭാഗമാണ് വാർത്താമ്മേളനത്തിന് ഉത്തരവാദികളെന്നാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോഴും നേരിട്ട് ഹാജരാകാൻ ബാബ രാംദേവിനോടും ആചാര്യ ബാലകൃഷ്ണനോടും സുപ്രീം കോടതി നിർദേശിച്ചു.
പതഞ്ജലിയുടെ വ്യാജ പരസ്യങ്ങൾ തടയാൻ കേന്ദ്രസർക്കാർ എന്തുചെയ്തെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആരാഞ്ഞു. പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകോർത്ത് പ്രവർത്തിക്കുന്നെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. പതഞ്‌ജലി വ്യാജ അവകാശവാദങ്ങളുള്ള പരസ്യം നൽകുമ്പോൾ കേന്ദ്രം എന്തുചെയ്യുകയായിരുന്നെന്നും സുപ്രീം കോടതി ചോദിച്ചു.