കൊച്ചി:ഹൈപ്പോടെ എത്തി സമീപകാലത്ത് ഏറ്റവും വിമർശിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’. സംവിധായകനും തിരക്കഥാകൃത്തിനുമൊപ്പം നായകനായി എത്തിയ മോഹൻലാലും പരക്കെ ട്രോൾ ചെയ്യപ്പെട്ടു. ചിത്രത്തിന്റെ കാര്യത്തിൽ പിഴവ് പറ്റിയെന്ന് പറയുകയാണ് സംവിധായകൻ. ഫിലിം കമാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ‘ആറാട്ടി’നെ ബി ഉണ്ണികൃഷ്ണൻ വിശദമായി വിലയിരുത്തി.
“ആറാട്ട് എൻറെ സോണിലുള്ള സിനിമ ആയിരുന്നേയില്ല. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രവുമായി ഉദയൻ വരികയായിരുന്നു. ഈ കഥാപാത്രം രസമല്ലേയെന്നും അതിൽ വർക്ക് ചെയ്തുകൂടേ എന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഒരു മുഴുനീള സ്പൂഫ് ആണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്.
മോഹൻലാലിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുകയാണെങ്കിൽ രസകരമായിരിക്കുമെന്ന് തോന്നി. ഇത് വേറൊരു നടനോട് പോയി പറഞ്ഞാൽ ഒരുപക്ഷേ അവർ സമ്മതിക്കില്ല. ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു മറുപടി,” ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
പക്ഷേ ആ സ്പൂഫ് ഘടകം സിനിമയിൽ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങൾക്ക് തെറ്റ് പറ്റിയത്. രണ്ടാം പകുതിയിൽ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മൾ പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. മോഹൻലാലിനോട് അല്ലാതെ പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരൊക്കെ ഈ മുഴുവൻ സ്പൂഫ് എന്ന ഐഡിയയിൽ സംശയമാണ് ഉന്നയിച്ചത്.
മോഹൻലാലിനെ വെച്ച് ഒരു വലിയ സിനിമ ചെയ്യുമ്പോൾ മുഴുവൻ സ്പൂഫ് ആയാൽ ആളുകൾ സ്വീകരിക്കുമോ എന്ന് പലരും ചോദിച്ചു. അപ്പോൾ നമുക്കും ആശയക്കുഴപ്പം വന്നു. ആ സ്പൂഫിൽ പലതും വർക്ക് ആയുമില്ല. പ്രേക്ഷകർ അത് വെറും റെഫറൻസുകൾ മാത്രമായാണ് കണ്ടത്.
കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങൾ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. ചോദിക്കുന്നത് മോഹൻലാൽ ആണെന്ന് ഓർക്കണം. മമ്മൂട്ടിയുടെ കിംഗ് സിനിമയിലെ ഡയലോഗ് വരെ അദ്ദേഹം പറഞ്ഞു. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു.
പക്ഷേ നെയ്യാറ്റിൻകര ഗോപൻ ഒരു ഏജൻറ് ആണെന്ന് പറയുന്നത് ബാലിശമായി ആളുകൾക്ക് തോന്നി. എന്നിട്ടാണോ അയാൾ വന്ന് സ്പൂഫ് ചെയ്തത് എന്ന് അവർ ചോദിച്ചു. ആ ഏജന്റ് സംഗതി കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് അയാൾക്ക് എക്സ് എന്നൊക്കെ പേരിട്ടത്. പക്ഷേ അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകർ എടുത്തത്. പിന്നാലെയുണ്ടായ ട്രോളുകളെല്ലാം നീതികരിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നി,” ബി ഉണ്ണികൃഷ്ണൻറെ വാക്കുകൾ.