തിരുവനന്തപുരം:ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ ഡി.ജി.പി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് ബി സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കിയത്.
കഴിഞ്ഞ മാസം സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിച്ച ഘട്ടത്തിൽ ബി. സന്ധ്യയും പരിഗണന ലിസ്റ്റിൽ ഉണ്ടായിരുന്നു. സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കി ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.
എ.ഡി.ജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡി.ജി.പി റാങ്കും നല്‍കിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡി.ജി.പി റാങ്കും സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കും എന്ന സ്ഥിതിയായി. ഇത് ശരിയല്ലെന്ന് പൊലീസ് തലപ്പത്ത് വിലയിരുത്തലുണ്ടായതോടെ സന്ധ്യക്കും ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനിൽകാന്ത് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു.
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് സന്ധ്യ.സംസ്ഥാന പോലീസിൽ ഡിജിപി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ബി.സന്ധ്യ.ആർ.ശ്രീലേഖയാണ് സംസ്ഥാന പോലീസിലെ ആദ്യ വനിത ഡിജിപി.
സംസ്ഥാനത്തിന് 4 ഡിജിപി കേഡർ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. അനിൽ കാന്ത്, ടോമിൻ തച്ചങ്കരി, സു സുധേഷ് കുമാർ എന്നിവർക്കാണ് സന്ധ്യയെ കൂടാതെ ഡിജിപി റാങ്കുള്ളത്.കോട്ടയം പാലാ സ്വദേശിനിയാണ് സന്ധ്യ.