അയോധ്യയില്‍ രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളില്‍ മാംസവില്‍പന നിരോധിച്ച് ഉത്തരവ്; വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി

ലഖ്‌നോ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളില്‍ മാംസവില്‍പന നിരോധിച്ച് ഉത്തരവായി. രാമ പാത, ധാമ കോസി മാര്‍ഗ് തുടങ്ങിയ ഇടങ്ങളിലാണ് മാംസവില്‍പന നിരോധിച്ചത്. ഇതു സംബന്ധിച്ച് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

ഇതുസംബന്ധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനത ദര്‍ബാറില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഇവിടങ്ങളില്‍ മദ്യം നിരോധിക്കാനും നീക്കമുണ്ടെന്ന് അയോധ്യ മേയര്‍ ഗിരീഷ് പാട്ടില്‍ ത്രിപതി അറിയിച്ചു.

അയോധ്യയില്‍ മാംസവില്‍പന നിരോധിക്കണമെന്നത് വളരെ നാളായി ഉയര്‍ന്നുകേള്‍ക്കുന്ന ആവശ്യമാണ്. തുടര്‍ന്ന് രാമ പാതയില്‍ മാംസം വില്‍ക്കുന്നത് നിരോധിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ചില ഭാഗങ്ങളില്‍ മദ്യം നിരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്-മേയര്‍ വ്യക്തമാക്കി.

അയോധ്യ ക്ഷേത്രത്തിലേക്കുളള രാമ പാത, ധര്‍മ 14 കോശി പരികര്‍മ മാര്‍ഗ്, പഞ്ചകോശി മാര്‍ഗ് എന്നിവിടങ്ങളില്‍ ഏതാണ്ട് 22 ഇറച്ചിവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ കടകള്‍ക്ക് ഏഴുദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഏഴുദിവസം കഴിഞ്ഞും അടക്കാത്ത കടയുടമകള്‍ക്കെതിരെ നടപടിയുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News