ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി വീടുതോറുമുളള ധനസമാഹരണം അവസാനിപ്പിച്ചതായി ശ്രീരാമ ജന്മഭൂമി തീര്‍ഥ ട്രസ്റ്റ്. ട്രസ്റ്റിന്റെ വെബ്സൈറ്റിലൂടെ ധനസഹായം നല്‍കാമെന്നും ക്ഷേത്രം മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കുമെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ് പറഞ്ഞു.
ട്രസ്റ്റ് നേരത്തെ 7285 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം കൂടി വാങ്ങിയിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് കോടതി അനുവദിച്ച് നല്‍കിയ 70 ഏക്കറിനോട് ചേര്‍ന്ന പ്രദേശമായിരുന്നു വാങ്ങിയത്. സ്ഥലത്തിന്റെ ഉടമയ്ക്ക് ഒരു കോടി രൂപയോളം നല്‍കിയാണ് സ്ഥലം വാങ്ങിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുളള സ്ഥലം 70 ഏക്കറില്‍ നിന്ന് 107 ഏക്കറായി വികസിപ്പിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. പ്രധാന ക്ഷേത്രം അഞ്ചേക്കറോളം സ്ഥലത്ത് നിര്‍മ്മിക്കുമ്പോള്‍ ബാക്കിയുളള ഭൂമിയില്‍ 100 ഏക്കറോളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. മ്യൂസിയങ്ങള്‍, ലൈബ്രറി, യജ്ഞശാല, രാമന്റെ ജീവിതത്തിന്റെ വിവിധ എപ്പിസോഡുകള്‍ ചിത്രീകരിക്കുന്ന ചിത്രഗാലറി എന്നിവ രാമക്ഷേത്രവളപ്പില്‍ നിര്‍മിക്കും.