ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്‍. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ചത്.
‘രാമന്റെ മാതാവിന്റെ ജന്മസ്ഥലം ഛത്തിസ്ഗഢ് ആണെന്നുള്ളത് നമ്മുടെ ഭാഗ്യമാണ്. ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കാന്‍ പോകുന്നതും നമ്മുടെ ഭാഗ്യമാണ്. അന്ന് സംസ്ഥാനത്തൊന്നാകെ ഉത്സാഹത്തിന്റെ അന്തരീക്ഷമായിരിക്കും. ദീപാവലിക്ക് ചെയ്യുന്നതുപോലെ വീടുകളില്‍ ദീപം തെളിയിക്കും. അതിനാല്‍ ജനുവരി 22 സംസ്ഥാനമൊന്നാകെ ഡ്രൈ ഡേയായി ആചരിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്’, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ ജനുവരി 22 ഡ്രൈ ഡേയായി അസം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 22-ന് മദ്യഷാപ്പുകള്‍ അടച്ചിടുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.