കവരത്തി: രാജ്യദ്രോഹ കേസിൽ പ്രതിചേര്‍ക്കപ്പെട്ട ഐഷ സുൽത്താനയെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടു. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഐഷയെ വിട്ടയച്ചത്. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പൊലീസ് അറിയിച്ചിട്ടുണ്ട്.
വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പൊലീസ് ഹെഡ്കോർട്ടേഴ്സിൽ അഭിഭാഷകനോടെപ്പമാണ് ചോദ്യം ചെയ്യലിന് ഐഷ ഹാജരായത്. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന് ചാനൽ ചർച്ചയിൽ ഐഷ ആരോപിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.
അതേസമയം ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റാൻ അഡ്മിനിസ്ട്രേഷൻ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശ്രമം. എന്നാൽ ഇതിന് ഔദ്യോഗികമായി അഡ്മിനിസ്ട്രേഷന് നീക്കം തുടങ്ങിയതായി ദ്വീപിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട തീരുമാനങ്ങൾക്കെതിരെ നിരവധി കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കെയാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നീക്കമെന്നാണ് സൂചന.