KeralaNews

ദ്വീപുകാരെ തീവ്രവാദി എന്ന് മുദ്ര കുത്താൻ ശ്രമിച്ചു’, സ്ഥാനമൊഴിയുന്ന ലക്ഷദ്വീപ് കളക്ടർക്കെതിരെ അയിഷ സുൽത്താന

കൊച്ചി: ലക്ഷദ്വീപില്‍ ചുമതലയൊഴിയുന്ന കളക്ടര്‍ അസ്കര്‍ അലി ഐപിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക അയിഷ സുല്‍ത്താന. ലക്ഷദ്വീപ് കണ്ടതിൽ വെച്ച് എറ്റവും മോശം കളക്ടർ എന്ന് അസ്കര്‍ അലി യെ ചരിത്രം വിശേഷിപ്പിക്കുമെന്ന് അയിഷ സുൽത്താന പ്രതികരിച്ചു.. പുതുതായി ലക്ഷദ്വീപിൽ ചാർജെടുക്കുന്ന കളക്ടർക്ക് മുന്നിൽ ചില അഭ്യർത്ഥനകളും അയിഷ സുൽത്താന വെയ്ക്കുന്നുണ്ട്..

അയിഷ സുല്‍ത്താനയുടെ കുറിപ്പ് വായിക്കാം: ” അസ്‌കര്‍ അലി IAS എന്ന ഡിസ്ട്രിക്റ്റ് കളക്ടര്‍ ലക്ഷദ്വീപില്‍ നിന്ന് അരങ്ങൊഴിയുകയാണ്… ലക്ഷദ്വീപ് കണ്ടതില്‍ വെച്ച് എറ്റവും മോശം കളക്ടര്‍ എന്ന് ഇദേഹത്തെ ലക്ഷദ്വീപിന്റെ ചരിത്രം രേഖപ്പെടുത്തും, മരണം പോലും ആരെയും വിശുദ്ധരാക്കുന്നില്ലാ, അപ്പോള്‍ അരങ്ങെഴിയല്‍ ആരെയും ഒരിക്കലും വിശുദ്ധരാക്കില്ലാ… സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം ഉണ്ടാക്കിയ IIMP. ലക്ഷദ്വീപിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ ഉറപ്പ് നല്കിയ കോസ്റ്റല്‍ കോമണുകളില്‍ ഇരിക്കുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ ഷെഡും, വാഹനങ്ങളും, കോറോണ 144 ന്റെ മറവില്‍ കൂട്ടി ഇട്ട് കത്തിച്ച കളക്ടര്‍ അസ്‌കര്‍ അലി.

താന്‍ ഭരിക്കുന്ന പ്രദേശത്താണ് എറ്റവും കൂടുതല്‍ ക്രൈം നടക്കുന്നത് എന്ന് വാദിച്ച ലോകത്തിലെ ആദ്യ കളക്ടര്‍ അസ്‌കര്‍ അലി. ഇന്റര്‍നാഷണല്‍ ചാലില്‍ നിന്ന് അതും ശ്രീലങ്കയുടെ പക്കല്‍ നിന്ന് പിടിച്ച മയക്കുമരുന്നും ആയുധങ്ങളും ലക്ഷദ്വീപുകാരുടെ പെടലിക്ക് വെച്ച് കെട്ടി, ദ്വീപ്കാരെ തീവ്രവാദി എന്ന് മുദ്ര കുത്താന്‍ ശ്രമിച്ച കളക്ടര്‍ അസ്‌കര്‍ അലി. ദ്വീപില്‍ ഇല്ലാത്ത ഓക്‌സിജന്‍ പ്ലാന്റുകള്‍ ദ്വീപില്‍ ഉണ്ടെന്ന് കല്ല് വെച്ച നുണ പറഞ്ഞ കളക്ടര്‍ അസ്‌കര്‍ അലി… രോഗികള്‍ക്ക് പോലും യാത്ര സൗകര്യം വെട്ടി കുറച്ച കളക്ടര്‍ അസ്‌കര്‍ അലി… ആരോഗ്യമേഖലയെ പഴയതിനെക്കാളും കുത്തനെ താഴേക്ക് കൊണ്ടെത്തിച്ച കളക്ടര്‍ അസ്‌കര്‍ അലി… ലക്ഷദ്വീപ്ക്കാര്‍ പ്രതികരിച്ചാല്‍ 144 എന്ന വകുപ്പിട്ട് ഒതുക്കി പുറം ലോകം അറിയാതിരിക്കാന്‍ ജനങ്ങളെ അടിച്ചമര്‍ത്തി കൊണ്ടിരുന്ന കളക്ടര്‍ അസ്‌കര്‍ അലി.

അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഓര്‍മ്മകള്‍ ദ്വീപുകാരന് സമ്മാനിച്ചത് കൊണ്ട് തന്നെയാണ് അദ്ദേഹം മടങ്ങി പോവുന്നത്.. ഇനി ഞങ്ങള്‍ക്ക് പുതിയൊരു കളക്ടര്‍ വരുന്നു എന്ന സന്തോഷമാണ്… പുതിയതായി വരാന്‍ പോകുന്ന ഞങളുടെ കളക്ടരോട് ഒരു ദ്വീപ്ക്കാരി എന്ന നിലയിലും ഇതെന്റെ കടമയാണെന്ന വിശ്വാസത്തിലും ചിലത് അറിയിക്കാനുണ്ട്… ഞങ്ങളിത് സാധാരണക്കാരുടെ ജീവിതമാണ്… അറബിക്കടലുകളിലെ തുരുത്തുകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിര താമസമാക്കിയ ലക്ഷദ്വീപ് ജനങ്ങള്‍ക്ക് രാജ്യത്തോടും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോടുമുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്…

ആ വിശ്വാസത്തെ ഞങ്ങള്‍ക്ക് തിരിച്ചു കൊണ്ട് തരണം… നമ്മുടെ ദ്വീപിന്റെ ആരോഗ്യമേഖല മുമ്പത്തേക്കാളും വളരെ മോശം സ്ഥിതിയിലാണ് തുടരുന്നത്… അത്യാവശ്യ മരുന്നുകള്‍ പോലും ഇവിടത്തെ ഹോസ്പിറ്റലുകളില്‍ കിട്ടാനില്ല, ചെറുതായിട്ട് എല്ലൊടിഞ്ഞാലും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന ദുരവസ്ഥയാണ് ഞങളുടേത്… ഇതിന്റെ ഇടയിലാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കൂടി കൊണ്ടിരിക്കുന്നത്… പെട്രോള്‍ വില 135 ലും 140 ലും എത്തി നില്‍ക്കുന്നു, മണ്ണെണ്ണ പോലും 65 ഇല്‍ എത്തി… ഇത് നമ്മുടെ മത്സ്യബന്ധന തൊഴിലാളികളെ വളരെ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചിരിക്കയാണ്… യാത്ര ക്ലേശം അതിരൂക്ഷമാണ് .

നേരത്തെ ഉണ്ടായിരുന്ന 7 കപ്പലുകളില്‍ രണ്ടണ്ണമേ സര്‍വീസുള്ളൂ. ഈ പത്ത് ദ്വീപിലെയും ആളുകളും രോഗികളും വളരെയധികം ബുദ്ധിമുട്ടില്‍ പെട്ടിരിക്കയാണ്… ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു ലക്ഷദ്വീപിനാവശ്യം അടിസ്ഥാന വികസനമാണ്… 1:നല്ല ചികിത്സ ഉറപ്പ് വരുത്തുക. 2:യാത്ര ദുരിതം എത്രയും പെട്ടന്ന് പരിഹരിക്കുക 3: പിരിച്ചു വിട്ടവരെ ഉടന്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുക. 4:തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ ലക്ഷദ്വീപ് ഭരണകൂടം ഉടന്‍ കൈക്കൊള്ളുക. 5: ജനാതിപത്യ രാജ്യത്ത് ജനങ്ങളാല്‍ തെരഞ്ഞെടുത്ത പ്രധിനിധികള്‍ക്ക് ജനങ്ങളുടെ ഹിതം അനുസരിച്ചു കൊണ്ട് ഭരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക… ഞങളുടെ ഈ ബുദ്ധിമുട്ടുകളില്‍ പരിഹാരം കാണാനും നടപടി എടുക്കാനും, ജനങളുടെ ഒപ്പം നില്‍ക്കാനും പുതിയതായി വരാന്‍ പോകുന്ന കളക്ടര്‍ക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു… ഒപ്പം ലക്ഷദ്വീപിലേക്ക് സ്വാഗതം”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button