ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു; ബഹിരാകാശത്തുപോയ രണ്ടാമത്തെ ഇന്ത്യാക്കാരനാകാന്‍ ഒരുങ്ങി ശുഭാംശു ശുക്ല; നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ പേടകത്തില്‍;

ഫ്‌ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു. ഫ്‌ലോറിഡയില്‍ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം. നാല് രാജ്യങ്ങളില്‍ നിന്നുള്ള നാല് പേരാണ് പേടകത്തിലുള്ളത്. യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.

മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി. പുതിയ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശപേടകത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര. 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും.

ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ നാസ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ ഹ്യൂമന്‍ സ്‌പെയ്‌സ് മിഷന്‍ ഡയറക്ടറുമായ പെഗി വിറ്റ്സണാണ്. ശുക്ല പൈലറ്റിന്റെ റോള്‍ ഏറ്റെടുക്കും, രണ്ട് മിഷന്‍ സ്‌പെഷലിസ്റ്റുകള്‍ പോളണ്ടില്‍ നിന്നുള്ള സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നെവ്സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവുമാണ്.

ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരില്‍ ഒരാള്‍ ശുഭാംശുവാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശംഭു ദയാല്‍ ശുക്ലയുടെയും ആശ ശുക്ലയുടെയും മകനായി യുപിയിലെ ലക്‌നൗവില്‍ ജനിച്ച ശുഭാംശു കാര്‍ഗില്‍ യുദ്ധസമയത്താണു സൈനികസേവനത്തില്‍ ആകൃഷ്ടനായത്. തുടര്‍ന്ന് എന്‍ഡിഎ പരീക്ഷയെഴുതി. കംപ്യൂട്ടര്‍ സയന്‍സില്‍ ബിഎസ്സി ബിരുദം നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നു നേടി.

2019ല്‍ ബഹിരാകാശയാത്രയ്ക്കുള്ള പരിശീലനത്തിനായി തിരഞ്ഞെടുത്തു. തുടര്‍ന്ന്, റഷ്യയില്‍ പരിശീലനം നേടി. 2024 മാര്‍ച്ചില്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി. ദന്തഡോക്ടറായ ഡോ. കാമ്‌നയാണു ഭാര്യ. 4 വയസ്സുള്ള കിയാസ് മകനാണ്.

ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. ആക്‌സിയോം സ്‌പേസിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. എങ്കിലും പല കാരണങ്ങള്‍കൊണ്ട് ഈ ദൗത്യം പ്രത്യേകതയുള്ളതാണ്. സര്‍ക്കാര്‍ പിന്തുണയോടെ ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന ആദ്യ ദൗത്യമാണിത്. നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഈ രാജ്യങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ ഒരു മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളികളാകുന്നത്.

ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിക്കുന്നതിന്റെയും, ബഹിരാകാശം കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രാപ്യമാകുന്നതിന്റെയുംമികച്ച ഉദാഹരണമാണ് ഈ ദൗത്യം.കേവലം സര്‍ക്കാര്‍ ഗവേഷണം എന്നതിലുപരി, ശാസ്ത്രീയ പരീക്ഷണങ്ങള്‍, വിദ്യാഭ്യാസ പ്രചാരണം, വാണിജ്യപരമായ ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം ഈ ദൗത്യത്തില്‍ ഒരുമിക്കുന്നു. യുഎസ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ്എക്‌സിന്റെ വിശ്വസ്ത വിക്ഷേപണ വാഹനമായ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് നാലംഗ സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News