മുംബൈ:ലോക്സ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തകർന്ന് അടിഞ്ഞത് എക്സിറ്റ് പോള്‍ രംഗത്ത് പേരുകേട്ട പല പ്രമുഖ ഏജന്‍സികളുടേയും പ്രവചനമാണ്. ഇതില്‍ ഏറ്റവും പ്രധാനം ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളാണ്. താരതമ്യേന മറ്റ് ഏജന്‍സികളെ അപേക്ഷിച്ച് മികച്ച സ്ട്രൈക്ക് റേറ്റുള്ള ഏജന്‍സിയുമാണ് ആക്സിസ് മൈ ഇന്ത്യ. എന്നാല്‍ ഇത്തവണ വലിയ പാളിച്ചയാണ് അവർക്ക് എക്സിറ്റ് പോള്‍ പ്രവചനത്തിലുണ്ടായിരിക്കുന്നത്.
എക്സിറ്റ് പോള്‍ പ്രവചനം അമ്പേ പരാജയമായതോടെ ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത വികാരം അടക്കാനാകാതെ ചാനലില്‍ ഇരുന്നു കരയുകയും ചെയ്തു. പ്രദീപ് ഗുപ്ത കരയുന്നതും മറ്റ് അവതാരകർ ആശ്വസിപ്പിക്കുന്നത് ചാനലില്‍ ലൈവായി പോകുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എയ്ക്ക് 400-ന് അടുത്ത് സീറ്റുകളായിരുന്നു ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. അതായത് 361 മുതല്‍ 401 വരെ സീറ്റുകള്‍ നേടി ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ടു. ഇന്ത്യ സഖ്യത്തിന് 131 മുതല്‍ 166 സീറ്റായിരുന്നു പറഞ്ഞത്. എന്നാല്‍ നിലവില്‍ ബി ജെ പിയുടെ സീറ്റ് നില 300 ന് താഴെ തുടരുകയാണ്. ഇന്ത്യാ മുന്നണിയുടെ സീറ്റ് നില 230 ന് മുകളിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശിൻ്റെയും ഒഡീഷയുടെയും കാര്യത്തിൽ പ്രവചനം ഫലിച്ചില്ലേ എന്നു പറഞ്ഞുകൊണ്ടായിരുന്നു കരയുന്ന പ്രദീപ് ഗുപ്തയെ ഇന്ത്യാടുഡെയുടെ പ്രാധന അവതാരകനായ രാജ്ദീപ് സർദേശായി ആശ്വസിപ്പിച്ചത്. ഞങ്ങൾ ആത്മപരിശോധന നടത്തുമെന്നും രാജ്ദീപ് സർദേശായി പറയുന്നു. ഈ വിധി സർക്കാരിനെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുമെന്നായിരുന്നു പ്രദീപ് ഗുപ്തയുടെ പിന്നീടുള്ള പ്രതികരണം.
“ഞങ്ങൾ എൻ ഡി എയ്ക്ക് 361-401 സീറ്റുകൾ പ്രവചിച്ചു, ഇത് വീണ്ടും എൻ ഡി എ സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഇപ്പോഴുള്ള കണക്കില്‍ അവർക്ക് 295 സീറ്റാണുള്ളത്. അതിനർത്ഥം ഞങ്ങൾ 66 സീറ്റുകൾക്ക് പിന്നിലാണ്. ഈ ഫലത്തില്‍ മൂന്ന് സംസ്ഥാനങ്ങളെയാണ് നമ്മൾ പ്രധാനമായും പരിശോധിക്കേണ്ടത്,” ഇന്ത്യാ ടുഡേ ടിവിയിലെ ചർച്ചയിൽ പ്രദീപ് ഗുപ്ത പറഞ്ഞു.
“ഉത്തർപ്രദേശിൽ, ഞങ്ങൾ ഏകദേശം 67 സീറ്റുകളായിരുന്നു എന്‍ ഡി എയ്ക്ക് പ്രവചിച്ചത് എന്നാൽ ഈ ഘട്ടത്തിൽ, എൻ ഡി എ 38 സീറ്റുകളാണ് നേടിയത്. അതുകൊണ്ട് തന്നെ ഞങ്ങൾ കൃത്യം 30 സീറ്റിൽ താഴെയാണ്. പശ്ചിമ ബംഗാളിൽ ഞങ്ങൾ ബി ജെ പിക്ക് 26 മുതൽ 32 വരെ സീറ്റുകൾ പ്രവചിച്ചു, പക്ഷേ അവർക്ക് 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതായത് ഞങ്ങളുടെ പ്രവചനത്തിൽ നിന്ന് 15 സീറ്റുകളുടെ വ്യത്യാസം. അതുപോലെ, മഹാരാഷ്ട്രയിൽ എൻ ഡി എയ്ക്ക് 28 സീറ്റുകളാണ് പ്രവചനം, എന്നാൽ അവർക്ക് 20 സീറ്റുകൾ ലഭിച്ചു, അതായത് പ്രതീക്ഷിച്ചതിലും 8 സീറ്റുകൾ കുറവാണ്. ഈ മൂന്ന് സീറ്റുകളിലും 60 സീറ്റുകളുടെ വ്യത്യാസമുണ്ട്,” പ്രദീപ് ഗുപ്ത പറഞ്ഞു.
https://x.com/i/status/1797902997193969788