മുംബൈ:താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് അവാര്‍ഡുകള്‍ എന്നത്. തങ്ങളുടെ കരിയറിന്റെ മുന്നോട്ടുള്ള കുതിപ്പിന് അവാര്‍ഡുകള്‍ ഒരുപാട് സഹായിക്കാറുണ്ട്. അധികം ശ്രദ്ധിക്കപ്പെടാതിരുന്നവര്‍ അവാര്‍ഡ് നേട്ടത്തിലൂടെ താരങ്ങളായി മാറുന്നതും കാണാം. അതേസമയം എല്ലാ അവാര്‍ഡുകളും സത്യസന്ധമല്ലെന്നതും വസ്തുതയാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും അവാര്‍ഡുകള്‍ കാശ് കൊടുത്ത് വാങ്ങിയതായി പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്.
അര്‍ഹതയുള്ളവരെ തഴഞ്ഞ്, ടിആര്‍പി റേറ്റിംഗിന് വേണ്ടി പ്രശസ്തര്‍ക്കും കരുത്തര്‍ക്കും അവാര്‍ഡ് നല്‍കുന്നതും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അവാര്‍ഡുകള്‍ നല്‍കുന്നതിലെ സത്യസന്ധതയില്ലായ്മയ്‌ക്കെതിരെ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നവരില്‍ ആമിര്‍ ഖാന്‍ അടക്കമുള്ളവരുണ്ട്. തങ്ങള്‍ക്ക് കിട്ടേണ്ട അവാര്‍ഡ് യാതൊരു അര്‍ഹതയുമില്ലാത്തവര്‍ക്ക് പോയതില്‍ പരസ്യമായി പ്രതികരിച്ചവരുമുണ്ട്.
അതേസമയം ഇത്തരം അനീതി നേരിടേണ്ടി വന്നവരില്‍ ഔട്ട് സൈഡര്‍മാരും ചെറിയ താരങ്ങളും മാത്രമല്ല മുന്‍നിര താരങ്ങളുമുണ്ട്. സാക്ഷാല്‍ ഐശ്വര്യ റായ്ക്ക് പോലും ഇത്തരം തഴയല്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് വസ്തുത. തന്റെ കരിയറിന്റെ തുടക്കത്തില്‍ പോലുമായിരുന്നില്ല ഐശ്വര്യയ്ക്ക് ആ അനീതി നേരിടേണ്ടി വന്നത്. ബോളിവുഡിലെ ഉള്‍ക്കളികള്‍ എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഐശ്വര്യയുടെ അനുഭവം.
”കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐശ്വര്യ റായ്ക്ക് സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ ഗുസാരിഷിലെ പ്രകടനത്തിന് അവാര്‍ഡ് കിട്ടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അസൂയ പൂണ്ടൊരു നടന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അവരെ ഒഴിവാക്കി” എന്നാണ് ഡെക്കാന്‍ ക്രോണിക്കിളില്‍ മുമ്പ് വന്നൊരു വെളിപ്പെടുത്തല്‍. ഐശ്വര്യ റായും ഹൃതിക് റോഷനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഗുസാരിഷ്. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.
ഐശ്വര്യ മാത്രമല്ല മറ്റൊരു പ്രമുഖ നടിയ്ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. കഴിവിലും പ്രശസ്തിയിലുമെല്ലാം ഇന്ത്യന്‍ സിനിമയില്‍ പകരക്കാരില്ലാത്ത നടിയായ ശ്രീദേവിയാണ് ആ നടി. ശ്രീദേവി നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വന്ന ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. ചിത്രത്തിലെ ശ്രീദേവിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.
”അവര്‍ ശ്രീദേവിയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കൊടുക്കാനിരിക്കുകയായിരുന്നു. അതവരുടെ സൈറ്റിലും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അവരത് മറ്റൊരു നടിയ്ക്ക് നല്‍കി. ഈ അനീതിയെ തുടര്‍ന്ന് ശ്രീദേവിയും അവരുടെ ഭര്‍ത്താവും അവാര്‍ഡ് ഷോകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു” എന്നാണ് ഒരു പ്രമുഖ സംവിധായകന്റെ തുറന്ന് പറച്ചില്‍.
അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തിയ ചിത്രമാണ് പാന്‍ സിംഗ് തോമര്‍. ചിത്രത്തിലെ പ്രകടനത്തിന് ഇര്‍ഫാനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം എത്തുകയും ചെയ്തു. എന്നാല്‍ ബോളിവുഡിലെ പ്രമുഖ അവാര്‍ഡുകൡ നിന്നും പാന്‍ സിംഗ് തോമര്‍ തഴയപ്പെട്ടു. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകനായ തിഗ്മാന്‍ഷു ധൂലിയ രംഗത്തെത്തിയിരുന്നു. അവാര്‍ഡുകള്‍ നല്‍കുന്നത് സാറ്റലൈറ്റ് സെയ്‌ലിംഗിന് അനുസരിച്ചാണ് നല്‍കുന്നതെന്നായിരുന്നു തിഗ്മാന്‍ഷുവിന്റെ ആരോപണം.