കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി ക്ലാസ് മുറികളിലേക്ക് തിരികെയെത്താമെന്ന് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് ജില്ലയ്ക്ക് ഉള്‍പ്പടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരുന്നു. എന്നാല്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ നാളെ പ്രവര്‍ത്തി ദിവസമാണെന്ന് അറിയിച്ചിരിക്കുകയാണ് കളക്ടര്‍.
കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം. എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിൽ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം.
രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാൻ. പ്രിയപ്പെട്ട വിദ്യാർഥികൾ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിർദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെ ഉള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും, അപ്പൊ എല്ലാവരും ഗോ ടു യുവർ ക്ളാസസ്സ് !!
മഴ സാധ്യത പ്രവചനം ഇങ്ങനെ
ഓറഞ്ച് അലർട്ട്
25-07-2023: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
25-07-2023: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
26-07-2023: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.