കോട്ടയം:നീണ്ടൂരിൽ പതിനാലാം വാർഡിൽ 8000 താറാവുകളുള്ള ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.ഇതിൽ 1500 എണ്ണം പനി മൂലം ചത്തു.
65 ദിവസം പ്രായമായ താറാവുകളാണ് ചത്തിരിക്കുന്നത്.ചത്ത താറാവുകളെ നശിപ്പിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു.വൈകുന്നേരം കലക്ടറുമായുള്ള യോഗത്തിന് ശേഷം കൂടുതൽ നടപടികളുണ്ടാകും.
ഒറ്റപ്പെട്ട സ്ഥലമായതിനാൽ അധികം പകർന്നു പിടിക്കാതെ നശിപ്പിക്കാനാകുമെന്നും, പ്രതിരോധ നടപടികൾ ആരംഭിച്ചെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. ഷാജി അറിയിച്ചു.
H-5 N-8 എന്ന വൈറസ് രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഈ പ്രദേശങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു.
ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്.
എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.
വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതു വരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാന് വിദഗ്ധർ പറയുന്നത്.
മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തിട്ടുണ്ട്.