ന്യൂഡല്‍ഹി : കേരളം, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാഹചര്യം ഗുരുതരമെന്നും സാധ്യമായ എല്ലാ മുന്‍ കരുതലും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ സാധ്യമായ എല്ലാ മുന്‍ കരുതലും സ്വീകരിക്കണമെന്നും വെല്ലുവിളി ഗുരുതരമാണെന്നുമാണ് കേന്ദ്രം അറിയിച്ചിരിയ്ക്കുന്നത്.
പറവകള്‍ അടക്കമുള്ള പക്ഷികളില്‍ രോഗം പടരാന്‍ സാധ്യത വലുതാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ നിരന്തരമായി നിരീക്ഷിയ്ക്കണം. ജനങ്ങളുടെ സഹായം പക്ഷിപ്പനി നിരീക്ഷണത്തിന് ഉറപ്പാക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും കത്തില്‍ ഉണ്ട്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം കത്ത് കൈമാറിയത്. സാഹചര്യം വിശദീകരിച്ച് നല്‍കിയ കത്തിന് തുടര്‍ച്ചയായി വിഷയത്തില്‍ പക്ഷിപ്പനി ബാധിത സംസ്ഥാനങ്ങളുടെ അടിയന്തിര യോഗവും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിളിക്കും.
ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ ചത്ത ദേശാടന പക്ഷികളില്‍ എച്ച്-5 എന്‍-1 സ്ഥിരീകരിച്ചു. ഹരിയാനയില്‍ കോഴികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പക്ഷികളാണ് ചത്തത്. രാജസ്ഥാനിലെ ഝാല്‍വാറില്‍ കാക്കകള്‍ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയില്‍ മാനവദാര്‍ താലൂക്കില്‍ ഖരോ റിസര്‍വോയറില്‍ 53 ജലപക്ഷികളെ ചത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തി.