KeralaNews

പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ഥിനിയെ വെട്ടിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പാലാ: പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനിക്ക് വെട്ടേറ്റ സംഭവത്തിലെ പ്രതി പിടിയില്‍. കടപ്പാട്ടൂര്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ സന്തോഷ് (60)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പാലാ വെള്ളിയേപ്പളളി വലിയമലയ്ക്കല്‍ ടിന്റു മരിയ ജോണി(26)നാണു ബുധനാഴ്ച പുലര്‍ച്ചെ വെട്ടേറ്റത്. തലയ്ക്കു മാരകമായി പരിക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകട നില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ടിന്റു. വീട്ടില്‍നിന്നും 150 മീറ്റര്‍ പിന്നിട്ടപ്പോഴാണ് ആക്രമണം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമി ടിന്റുവിന്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റു റോഡില്‍ കിടന്ന ടിന്റുവിനെ പ്രഭാത സവാരിക്കിറങ്ങിയവരാണു കണ്ടത്. തുടര്‍ന്ന് ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ടിന്റുവിനെ മുമ്പു തന്നെ പരിചയമുണ്ടായിരുന്ന ആക്രമി കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്നു പോലീസ് സംശയിക്കുന്നു. പുലര്‍ച്ചെ ഇയാള്‍ ടിന്റുവിന്റെ വീടിനു സമീപത്ത് കാത്ത് കിടന്നതിനു ശേഷം അക്രമിച്ചതായാണ് അനുമാനിക്കുന്നത്. ടിന്റുവിന്റെ മൊഴിയെടുത്താല്‍ മാത്രമാണ് മുമ്പും ഇയാളുടെ ശല്യം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ സാധിക്കു. ടിന്റു സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷം മൊഴിയെടുക്കുന്നതോടെ കേസിന്റെ സത്യാവസ്ഥ പുറത്തുവരും.

ടിന്റുവിന്റെ അമ്മ മോളിക്കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പാലാ പോലീസ് കേസ് എടുത്തിരിക്കുന്നത്. അമ്മയും രണ്ടു സഹോദരിമാരുമൊത്ത് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുകയാണ് ടിന്റു. ഏറ്റുമാനൂര്‍ സ്വദേശികളാണ് ഇവര്‍. സമീപ കാലത്താണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കാനെത്തിയത്. ടിന്റുവിന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button