ഡല്‍ഹി: വിഖ്യാത ദേശഭക്തിഗാനം ‘സാരേ ജഹാംസേ അച്ഛാ’ എഴുതിയ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി ഡൽഹി സർവകലാശാല. പാകിസ്താൻ ദേശീയ കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനുള്ള പ്രമേയം സര്‍വകലാശാല അക്കാദമിക് കൗൺസില്‍ പാസാക്കി.
ബി.എ പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്നാണ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത്. അക്കാദമിക് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ആറാം സെമസ്റ്റർ ബിഎ പൊളിറ്റിക്കല്‍ സയൻസിന്റെ ‘ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചിന്ത’ എന്ന തലക്കെട്ടിലുള്ള അധ്യായമാണ് നീക്കുന്നത്.
ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവർ സിലബസിൽ ഉണ്ടാകരുതെന്ന് ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിങ് പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് അടിത്തറ പാകിയ പ്രസംഗം നടത്തിയത് അല്ലാമ ഇഖ്ബാലാണെന്നും അദ്ദേഹത്തിന് പാഠ്യപദ്ധതിയിൽ ഇടം നൽകാനാവില്ലെന്നുമാണ് വി.സിയുടെ വാദം. ഡോ അംബേദ്കകര്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് പഠിപ്പിക്കുമെന്നും വി.സി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയുടെ 1014-ാമത് അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ബിരുദ കോഴ്സിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് തീരുമാനം.
പാർട്ടീഷൻ സ്റ്റഡീസ്, ഹിന്ദു സ്റ്റഡീസ്, ട്രൈബൽ സ്റ്റഡീസ് എന്നിവയ്ക്കായി പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നിർദേശങ്ങളും കൗൺസിൽ അംഗീകരിച്ചു.
അതേസമയം, ഇഖ്ബാലിനെ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് എ.ബി.വി.പി സ്വാഗതം ചെയ്തു. മതഭ്രാന്തനായ പണ്ഡിതൻ ഇഖ്ബാലാണ് ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയെന്ന് എ.ബി.വി.പി ആരോപിച്ചു. “പാകിസ്താന്‍റെ ദാർശനിക പിതാവെന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിളിക്കുന്നത്. ജിന്നയെ മുസ്‍ലിം ലീഗിൽ നേതാവായി ഉയർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമാണ്. ഇന്ത്യയുടെ വിഭജനത്തിന് ജിന്നയെപ്പോലെ മുഹമ്മദ് ഇഖ്ബാലും ഉത്തരവാദിയാണ്”, എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.