വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ കൂറ്റന്‍ വിജയലക്ഷ്യം. വിശാഖപട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്.
സ്റ്റീവന്‍ സ്മിത്ത് (41 പന്തില്‍ 52) മികച്ച പ്രകടനം പുറത്തെടുത്തു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. സൂര്യക്ക് പുറമെ ഏകദിന ലോകകപ്പില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയത്.
സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ മാത്യു ഷോര്‍ട്ടിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. രവി ബിഷ്‌ണോയിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് ഇന്‍ഗ്ലിസ് – സ്മിത്ത് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും 131 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മിത്ത് റണ്ണൗട്ടായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓപ്പണറുടെ ഇന്നിംഗ്‌സ്.
അധികം വൈകാതെ ഇന്‍ഗ്ലിസ് സെഞ്ചുറി പൂര്‍ത്തിയാക്കി. പതിനെട്ടാം ഓവറിലാണ് താരം മടങ്ങുന്നത്. പ്രസിദ്ധിന്റെ പന്തില്‍ യഷസ്വി ജെയ്‌സ്വാളിന് ക്യാച്ച്. 50 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും 11 ഫോറും നേടിയിരുന്നു. മാര്‍കസ് സ്റ്റോയിനിസ് (7) – ടിം ഡേവിഡ് (19) സഖ്യം സ്‌കോര്‍ 200 കടത്തി. ബിഷ്‌ണോയ് നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തു. പ്രസിദ്ധിന് 50 റണ്‍സും വഴങ്ങേണ്ടിവന്നു.
നേരത്തെ, മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അഞ്ച് ടി20കളുളള പരമ്പരയിലെ ആദ്യ മത്സരമാണ് നടക്കുന്നത്. റുതുരാജ് ഗെയ്കവാദും യഷസ്വി ജെയ്സ്വാളും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍.
ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യഷസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ: മാത്യൂ ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, ജോഷ് ഇന്‍ഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.