ഒരു കാലിലെ മന്ത് മറ്റേ കാലിലേയ്ക്ക്; വന്ദേഭാരത് മൂലമുള്ള യാത്രാക്ലേശത്തിന് റെയിൽവേയുടെ പുതിയ പരിഹാരം
കൊച്ചി :കായംകുളം പാസഞ്ചർ വൈകുന്നതിന് എതിരെയാണ് എറണാകുളം ജംഗ്ഷനിൽ യാത്രക്കാരുടെ പ്രതിഷേധം നടന്നത്. പ്രതിഷേധം വന്ദേഭാരതിന് എതിരെയായിരുന്നില്ല. വന്ദേഭാരതിന്റെ സമയത്തിൽ ചെറിയ വ്യത്യാസം വരുത്തിയാൽ പരിഹാരമാകുന്ന പ്രശ്നം ബാലിശമായ പിടിവാശിയും നിലപാടുകളും മൂലം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് റെയിൽവേ. ആലപ്പുഴ ഇരട്ടപ്പാത പൂർത്തിയാകും വരെ കോട്ടയം വഴി സർവീസ് നടത്താമെന്ന അപഹാസ്യമായ പ്രസ്താവനയാണ് റെയിൽവേ ബുധനാഴ്ചയും നടത്തിയത്.
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സമയം പാലിച്ചിരുന്നെങ്കിൽ കായംകുളം പാസഞ്ചറിനെ സാരമായി ബാധിക്കുകയില്ലായിരുന്നു. 06.05 ന് എറണാകുളത്ത് നിന്ന് എടുക്കുന്ന പാസഞ്ചർ 06.18 ന് കുമ്പളത്ത് എത്തിച്ചേരുകയും 06.30 ന് മുമ്പായി വന്ദേഭാരത് കുമ്പളം കടന്നുപോകുകയും ചെയ്യുമായിരുന്നു. 15 മിനിറ്റിൽ മാത്രം ഒതുങ്ങുമായിരുന്ന ക്രോസ്സിംഗ് 40 മിനിറ്റിന് മുകളിലേയ്ക്ക് കടന്നപ്പോളാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എന്നാൽ വന്ദേഭാരത് സമയക്രമം പാലിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല പാസഞ്ചർ വീണ്ടും വൈകിപ്പിക്കുകയാണ് റെയിൽവേ ചെയ്തത്.
ആലപ്പുഴ – എറണാകുളം ഓടിയെത്താൻ പ്രായോഗികമല്ലാത്ത സമയമാണ് വന്ദേഭാരതിന് നൽകിയിരിക്കുന്നത്. 37 മിനിറ്റുകൊണ്ട് ആലപ്പുഴയിൽ നിന്ന് വന്ദേഭാരതിന് എറണാകുളമെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെയും 40 മിനിറ്റിലധികം വന്ദേഭാരത് വൈകിയിരുന്നു. വന്ദേഭാരത് വൈകും തോറും ട്രെയിനുകളെ കടത്തിവിടാതെ പിടിച്ചിടുന്ന ദൈർഘ്യം വർദ്ധിപ്പിക്കുകയാണ്. ഈ നിലപാടാണ് ആലപ്പുഴയിലെ യാത്രാക്ലേശം ഇരട്ടിപ്പിച്ചത്. അതുകൊണ്ടാണ് വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണമെന്ന ആവശ്യം യാത്രക്കാരിൽ നിന്നുയർന്നത്. ഒഴികഴിവുകൾ കണ്ടെത്താൻ പരിശ്രമിക്കുന്ന റെയിൽവേ സമയക്രമം പാലിക്കുന്ന വിധം വന്ദേഭാരത് ഷെഡ്യൂൾ ചെയ്യാൻ തയ്യാറാകുന്നില്ല.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് വേണാടിനെ 05.15 ൽ നിന്ന് മാറ്റിയാണ് റെയിൽവേ ആദ്യ വന്ദേഭാരതിനെ അവതരിപ്പിക്കുന്നത്. 10 മിനിറ്റ് വൈകി 05.25 നാണ് വേണാട് ഇപ്പോൾ സെൻട്രലിൽ നിന്ന് പുറപ്പെടുന്നത്.ഇതുമൂലം വേണാട് മിക്കദിവസങ്ങളിലും കോട്ടയമെത്തുമ്പോൾ അരമണിക്കൂറിലധികം വൈകുന്നുണ്ട്.പുറപ്പെടുന്ന സമയം വൈകിപ്പിച്ചതിനാൽ വേണാട് വൈകുന്നതിന് വന്ദേഭാരത് ഒരു കാരണം തന്നെയാണ്. മറ്റു ട്രെയിനുകളൊന്നും പുറപ്പെടാനില്ലാതിരുന്ന സെൻട്രലിൽ നിന്ന് വന്ദേഭാരതിന് വേണ്ടി മറ്റൊരു സമയം കണ്ടെത്താമായിരുന്നു. എന്നാൽ വടക്കാഞ്ചേരിയിൽ നിന്ന് ഷൊർണുരിലെത്താൻ നൽകിയിരിക്കുന്ന അധിക സമയത്തിൽ ഈ ലേറ്റ് മിനിറ്റുകൾ പരിഹരിക്കപ്പെടുകയാണ്. വേണാട് 06.00 ന് പുറപ്പെട്ടാലും ഷോർണൂരിൽ കൃത്യസമയം പാലിക്കാൻ പാകത്തിന് ബഫർ ടൈം എറണാകുളം ഔട്ടറിലും ഷൊർണുർ ജംഗ്ഷനിലേയ്‌ക്കും നൽകിയിട്ടുണ്ട്. ഡെസ്റ്റിനേഷൻ പോയിന്റുകളിലേയ്ക്ക് നൽകിയിരിക്കുന്ന അധിക സമയത്തിലാണ് ട്രെയിനുകളുടെ കൃത്യനിഷ്ഠ പാലിക്കപ്പെടുന്നത്.
വേണാട് പതിവായി വൈകുന്നത് മൂലം പാലരുവിയിൽ അനിയന്ത്രിതമായ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പാലരുവി 10 മിനിറ്റ് മുമ്പേ പുറപ്പെടുന്ന വിധം ക്രമീകരിച്ചതും മുളന്തുരുത്തിയിൽ 20 മിനിറ്റ് പിടിച്ചിടുന്നതും വന്ദേഭാരതിന് വേണ്ടിയാണ്. ഇരട്ടപ്പാതയായിട്ടും കോട്ടയം വഴിയുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. നിലവിലെ സമയക്രമത്തിൽ ഒരു വന്ദേഭാരതിനെ കൂടി അംഗീകരിക്കാൻ കോട്ടയംകാരും തയ്യാറാകില്ല. ഇത്തരം പ്രസ്താവനകൾ പോലും കടുത്ത പ്രതിഷേധങ്ങളിലേയ്ക്ക് നയിക്കാൻ കാരണമാകുന്നതാണ്.
വന്ദേഭാരതിന് മുമ്പ് ചേപ്പാട് സ്റ്റേഷനിൽ 08.12 ന് എത്തിക്കൊണ്ടിരുന്ന കായംകുളം പാസഞ്ചറിന് ഇപ്പോൾ നൽകിയിരിക്കുന്ന സമയം 08.4 in2 ആണ്. അരമണിക്കൂർ താമസിച്ചാണ് കായംകുളത്തിന് തൊട്ടുമുൻപുള്ള സ്റ്റേഷനിൽ എത്തിച്ചേരുന്നത്. ചേപ്പാട് നിന്ന് കായംകുളത്തേയ്ക്കുള്ള 7 കിലോമീറ്റർ സഞ്ചരിക്കാൻ നൽകിയ 55 മിനിറ്റിൽ നിന്ന് 20 മിനിറ്റ് കുറച്ചതിനെയാണ് സ്പീഡ് വർദ്ധനവ് എന്ന് റെയിൽവേ അവകാശപ്പെടുന്നത്. വൈകുന്നില്ല എന്ന പ്രസ്താവനയിറക്കിയ ബുധനാഴ്ച വന്ദേഭാരതിന് വേണ്ടി കായംകുളം പാസഞ്ചർ രാത്രി 07.07 വരെ കുമ്പളം സ്റ്റേഷനിൽ പിടിച്ചിട്ടു. നാഗർകോവിൽ കോട്ടയം പാസഞ്ചർ മുരിക്കുംപുഴയിൽ വന്ദേഭാരതിന് വേണ്ടി പിടിച്ചത് 45 മിനിറ്റിലേറെയാണ്. ഇതിനെതിരെയെല്ലാം യാത്രക്കാർ ശബ്ദമുയർത്തുമ്പോൾ പ്രശ്നങ്ങളെ പഠിക്കാൻ പോലും കൂട്ടാക്കാതെ വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ ഇറക്കി തെറ്റിദ്ധരിപ്പിക്കാനും ഭിന്നിപ്പിക്കാനുമാണ് റെയിൽവേ ശ്രമിക്കുന്നത്..
വന്ദേഭാരതിന്റെ സമയത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ തീരുന്ന പ്രശ്നമാണ്. വൈകുന്നേരം സെൻട്രലിൽ നിന്ന് വന്ദേഭാരത് 10 മിനിറ്റ് വൈകി പുറപ്പെട്ടാൽ കൊല്ലം – ആലപ്പുഴ – എറണാകുളം സ്റ്റേഷനുകളിൽ സമയം പാലിക്കാനും പിടിച്ചിടുന്ന ട്രെയിനുകളുടെ സമയ ദൈർഘ്യം കുറയ്ക്കാനും സാധിക്കുന്നതാണ്. ട്രെയിനുകൾ വൈകുന്നുവെന്ന പരാതികളോട് കൊച്ചുവേളിയിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണമെന്നാണ് റെയിൽവേ ആദ്യം പ്രതികരിച്ചത്.. അടിസ്ഥാനമില്ലാത്ത ന്യായീകരണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് റെയിൽവേ. ഉദ്യോഗസ്ഥ തലത്തിൽ ഈ ന്യായീകരണങ്ങൾ സ്വീകരിക്കപ്പെടുമായിരിക്കും, എന്നാൽ യാത്രക്കാരെ വിഡ്ഢികളാക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ്. ഇത്രയധികം ട്രെയിനുകളെ പിടിച്ചിട്ടിട്ടും സമയക്രമം പാലിക്കാൻ കഴിയാത്ത വന്ദേഭാരതിന്റെ സമയമാണ് പ്രശ്നങ്ങൾക്ക് എല്ലാം കാരണമെന്ന് റെയിൽവേ മനസ്സിലാക്കുന്നില്ല. യാത്രയാരംഭിച്ച് ഒരിക്കൽ പോലും എറണാകുളം ജംഗ്ഷനിൽ കൃത്യസമയം പാലിക്കാൻ വന്ദേഭാരതിന് കഴിഞ്ഞിട്ടില്ല. ഇവിടെ പുന പരിശോധിക്കേണ്ടത് വന്ദേഭാരതിന്റെ സമയം തന്നെയാണ്.
കാഴ്ചക്കാരുടെയും റെയിൽ ഫാൻസിന്റെയും പുറത്തുനിന്ന് അനുകൂലിക്കുന്നവരുടെയും ജയ് വിളികൾക്കിടയിൽ യാത്രക്കാരുടെ വിലാപം ഇനിയും ഉയർന്നുവരും… കാരണം ഇതുമൂലം ദുരിതമനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ എണ്ണം അതിലും എത്രയോ മടങ്ങാണ്..