തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മരണത്തിനു പിന്നാലെ ഭൃതൃപീഡനാരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് അതുലിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അതുലിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
വർക്കല സ്വദേശിനി ആരതിയെ(26)യാണ് ആറ്റുകാൽ ചിറമുക്കിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ആരതി തൂങ്ങിമരിച്ചത്. വർക്കല വടശ്ശേരിക്കോണം വിളയിൽ ഹൗസിൽ ബൈജുവിന്റെയും ജിനുവിന്റെയും മകളാണ്.
കല്ലറ ഭരതന്നൂർ സ്വദേശി അതുലുമായി 2024 ഡിസംബറിലായിരുന്നു ആരതിയുടെ വിവാഹം. ആറുമാസം മുൻപാണ് ഇവർ വാടകവീട്ടിലേക്കു മാറിയത്. വിവാഹശേഷം പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ മർദിക്കാറുണ്ടായിരുന്നുവെന്ന് ആരതിയുടെ കുടുംബം പറയുന്നു. മദ്യപാനശീലമുണ്ടായിരുന്ന അതുൽ നിസ്സാരകാര്യങ്ങൾക്കും പണത്തിന്റെയും സ്വർണത്തിന്റെയും പേരിലും ആരതിയെ മർദിച്ചിരുന്നു. ആരതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. ഇതിന്റെ ചിത്രങ്ങൾ ആരതി അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു.


