കൊച്ചി: ടി വി സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ പൊലീസുകാരുടെ ശ്രമം. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്റോ ഏലിയാസ്, പി പി അനൂപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സീരിയല്‍ അണിയറ പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി.
സീരിയല്‍ അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി അന്വേഷിച്ചിരുന്നു. പി വി ബേബി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും സസ്പെന്റ് ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ പൊലീസുകാരുടെ ഇടപെടലില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ആണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു ലിന്റോ ഏലിയാസ്, പി പി അനൂപിനേയും സസ്പെന്‍ഡ് ചെയ്തത്.
കാക്കനാട് അത്താണിയില്‍ സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസ് പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടത്. ബുധനാഴ്ച രാവിലെ ഇവരുടെ മുറിയില്‍ മഫ്തിയിലെത്തിയ ലിന്റോ ഏലിയാസ്, പി പി അനൂപ് എന്നിവര്‍ കഞ്ചാവ് പൊതി പിടിച്ചതായി അറിയിച്ചു.
10,000 രൂപ കൈയോടെ തന്നാല്‍, കേസില്ലാതെ തീര്‍ക്കാമെന്ന് പൊലീസുകാര്‍ അറിയിച്ചു എന്ന് സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ പരാതിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ എത്തിയാല്‍ 35,000 രൂപയോളം ചെലവ് വരുമെന്ന് പറഞ്ഞ ഇവര്‍ 10,000 രൂപ കൈക്കൂലി നല്‍കിയാല്‍ കേസ് ഒഴിവാക്കാം എന്ന് പറഞ്ഞതായാണ് യുവാക്കളുടെ പരാതി. ഉച്ചയ്ക്ക് വീണ്ടും വരുമ്പോള്‍ പണം സംഘടിപ്പിച്ച് വെയ്ക്കണം എന്ന് പറഞ്ഞാണ് ലിന്റോ ഏലിയാസും പി പി അനൂപും മടങ്ങിയത് എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പൊലീസുകാര്‍ മടങ്ങിയപ്പോള്‍ തൃക്കാക്കര നഗരസഭ കൗണ്‍സിലറായ പി സി മനൂപിനെ ബന്ധപ്പെട്ട യുവാക്കള്‍ ഇക്കാര്യം അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. പൊലീസുകാര്‍ തന്നെ കഞ്ചാവ് കൊണ്ടിടുകയായിരുന്നുവെന്നും മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തുവെന്നുമാണ് യുവാക്കള്‍ ആരോപിച്ചത്. ഇക്കാര്യത്തിലും അന്വേഷണം നടക്കും. അതേസമയം കഞ്ചാവ് കൈവശം വെച്ചതിന് യുവാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.