BusinessNationalNews

കുതിച്ചു ചാടി എയർടെൽ,ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ്, വൺവെബ്ബിന് രാജ്യത്തെ ആദ്യ ലൈസൻസ്

ന്യൂഡൽഹി: ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള രാജ്യത്തെ ആദ്യ ലൈസൻസ് ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, റിലയൻസ് ജിയോ അടക്കമുള്ള കമ്പനികൾ അപേക്ഷിച്ചെങ്കിലും ആദ്യം അനുമതി നൽകിയിരിക്കുന്നത് വൺവെബിനാണ്. ടെലികോം വകുപ്പ് വൺവെബുമായി കരാർ ഒപ്പുവച്ചു.

നൂറുകണക്കിന് ഉപഗ്രഹങ്ങൾ (ലോ എർത്ത് ഓർബിറ്റ്–ലിയോ) വഴി ലോകമെങ്ങും കുറഞ്ഞ ചെലവിൽ ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. ഭൂമിയുമായി വളരെ അടുത്ത ഭ്രമണപഥത്തിലാകും ഉപഗ്രഹങ്ങൾ വിന്യസിക്കുക.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. 428 ഉപഗ്രഹങ്ങളാണ് വൺവെബ്ബിന്റെ ആദ്യഘട്ടത്തിലുണ്ടാവുക. ഇന്ത്യൻ ടെലികോം കമ്പനി എയർടെലിന്റെ പ്രമോട്ടർമാരായ ഭാരതി ഗ്രൂപ്പ്‍, യുകെ സർക്കാർ, ഫ്രാൻസിന്റെ യൂട്ടെൽസാറ്റ് കമ്യൂണിക്കേഷൻസ് എന്നിവയ്ക്ക് വൺവെബിൽ ഓഹരിപങ്കാളിത്തമുണ്ട്.

ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്സുമായി ചേർന്ന് ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ ഉപഗ്രഹ ബ്രോ‍ഡ്ബാൻഡ് എത്തിക്കുമെന്ന് വൺവെബ് മുൻപ് പ്രഖ്യാപിച്ചിരുന്നു. വൺവെബിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഐഎസ്‍ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി വൺവെബ് കരാർ ഒപ്പുവച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇക്കൊല്ലം തന്നെ വിക്ഷേപണമുണ്ടാകും. പിഎസ്എൽവി, ജിഎസ്‍എൽവി–മാർക് ത്രീ എന്നീ റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുക. ആദ്യമായാണ് ഒരു ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാവ് ഇന്ത്യൻ മണ്ണിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker