പാലക്കാട്: അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയില്‍ റോഡ് ഒഴുകി പോയത്.
ഇന്നലെ കനത്ത മഴയാണ് അട്ടപ്പാടി മേഖലയില്‍ ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് റോഡ് ഒലിച്ചുപോയത്. ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂര്‍ തുടങ്ങിയ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്‌കൂള്‍ കുട്ടികള്‍, പാല്‍ വണ്ടി, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെ മറുഭാഗത്തേക്ക് കടക്കാനാകാതെ നില്‍ക്കുകയാണ്.
താവളം മുതല്‍ മുള്ളി വരെയുള്ള റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനായി ഉപയോഗിച്ച ഓവ് പൈപ്പിന് ഗുണനിലവാരമില്ലാത്തതാണ് ഇത്തരത്തില്‍ റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത് നിര്‍മാണ സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.