പാലക്കാട് : അട്ടപ്പാടി മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ എല്ലാ നടപടികൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. അപ്പീൽ പോയാൽ സർക്കാർ വേണ്ട സഹായം നൽകും. കേസിൽ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികൾക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് മധുവിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. മണ്ണാർക്കാട് മജിസ്ട്രേറ്റ് എസ്‌സി, എസ്‌ടി കോടതി വിധിയിൽ മധുവിന് നീതി ലഭിച്ചില്ലെന്ന് സഹോദരി സരസു പറഞ്ഞു.
കോടതിക്ക് നടന്നതൊന്നും മനസിലായില്ല, ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കായുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.
പ്രതികൾക്ക് കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്നും സരസു പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു. നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം സാധിച്ചുവെന്നും നീതിയ്ക്കായി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയുമാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപയും മറ്റ് പ്രതികൾക്ക് 1.05 ലക്ഷവുമാണ് പിഴ. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ശിക്ഷ നേരത്തേ അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ ഇയാൾക്ക് കേസിൽ നിന്ന് മുക്തനാകാം. പ്രതികളെ തവനൂർ ജയിലിലേയ്ക്കാണ് മാറ്റുന്നത്. അതേസമയം, കൂറുമാറിയ 24 സാക്ഷികൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.