തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് മുളകുപൊടിയെറിഞ്ഞ് ജുവല്ലറി ഉടമയില്‍ നിന്ന് നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജുവല്ലറി ഉടമയെ ആക്രമിച്ച് നൂറു പവനോളം സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം ദേശീയപാതയില്‍ പള്ളിപ്പുറത്തുവച്ച് ഇന്നലെ രാത്രിയാണ് കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം അക്രമി സംഘം കവര്‍ച്ച നടത്തിയത്.

സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവര്‍ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ അജ്ഞാതസംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. കാര്‍ കുറുകെയിട്ട് വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു.

തടയാന്‍ ശ്രമിച്ച സമ്പത്തിനെ അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആറ്റിങ്ങലിലെ ഒരു സ്വര്‍ണ്ണക്കടയില്‍ കൊടുക്കാന്‍ കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്. ഡ്രൈവര്‍ അരുണിനെ അക്രമികളുടെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു.

ഒപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്മണയെ കാണാനില്ലെന്നാണ് സമ്പത്തിന്റെ മൊഴി. പോലീസ് കേസെടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News