FeaturedKeralaNews

കണ്ണൂരിൽ വിലാപയാത്രയ്ക്കിടെ ആക്രമണം,സിപിഎം ഓഫീസുകൾക്ക് തീയിട്ടു

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.

വൻജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.

22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ടാർഗെറ്റ് ചെയ്തിരുന്നെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹ്സിൻ പറയുന്നത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. നിലവിളി ശബ്ദം കേട്ടപ്പോൾ നാട്ടുകാർ ഓടിയെത്തി. ഈ സമയത്ത് ആക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിൽ ഒരാളെ താൻ പിടിച്ച് വെച്ചു. പിടികൂടിയയാളെ വിട്ടുകിട്ടാൻ പ്രതികൾ ബോംബെറിയുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നത് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരാണെന്നും അക്രമികളെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹ്സിൻ പറഞ്ഞു.

സിപിഎം ശക്തി കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പൺ വോട്ട് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. പിന്നാലെ കടവത്തൂർ ഭാഗത്തെ 150, 149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിങിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയാണെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ ഇളങ്കോ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്‍റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button