പത്തനംതിട്ട: ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ ബോധരഹിതയായി. അതിജീവിത ഫോണില്‍ റെക്കോര്‍ഡുചെയ്ത പ്രതിയുടെ സംഭാഷണം കോടതി കേള്‍ക്കവെയായിരുന്നു സംഭവം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സാക്ഷിക്കൂട്ടിലാണ് 23-കാരി ബോധരഹിതയായി വീണത്.
പീഡനത്തിനുശേഷം ആബുലന്‍സില്‍വച്ച് പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞുകൊണ്ട് പ്രതി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് കോടതി കേട്ടത്. അന്വേഷണസംഘം ശബ്ദരേഖ പെന്‍ഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖ കോടതി കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായത്.
ഉടന്‍തന്നെ സര്‍ക്കാര്‍ നിയോഗിച്ച അഭിഭഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കോടതിയുടെ പുറത്തെത്തിച്ചു. ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടി പിന്നീട് ആരോഗ്യം വീണ്ടെടുത്തതോടെ ഒന്നര മണിക്കൂറിനുശേഷം വിചാരണ പുനരാരംഭിച്ചു.
കോവിഡ് രോഗിയായിരുന്ന സമയത്താണ് പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടത്. അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.