32.8 C
Kottayam
Friday, March 29, 2024

ലൈംഗികബന്ധം തടയുന്ന കിടക്കകൾ;സാമൂഹിക അകലത്തിനുള്ള പരീക്ഷണം ടോക്യോയിലെ ഒളിംപിക്സ് വില്ലേജിൽ

Must read

ടോക്കിയോ: ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജിൽ “ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന” കിടക്കകൾ ഒരുക്കുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങൾക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകൾ തയ്യാറാക്കുന്നത്. സ്പാനിഷ് വാർത്താ ഏജൻസികളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി കാരണം, ലൈംഗിക ബന്ധത്തിലടക്കം അനാവശ്യമായ സാമൂഹിക ഇടപെടലിലോ അടുത്ത ആശയവിനിമയത്തിലോ ഏർപ്പെടുന്നതിൽ നിന്ന് അത്ലറ്റുകളെ നിരുത്സാഹപ്പെടുത്തും.

“ലൈംഗികത തടയുന്ന” കിടക്കകൾ കാർഡ്ബോർഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരു വ്യക്തിയുടെ മാത്രം ഭാരം താങ്ങാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്. പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകൾ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ തകരാറിലായ കിടക്കകൾ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത.

ഓരോരുത്തർക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാൻ സാധിക്കുന്ന തരത്തിലുള്ളതാണ്. അതിൽ കൂടുതൽ ഭാരം കിടക്കയിലേക്ക് വന്നാൽ അത് തകർന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാൻ അൽപ്പം സമയം പിടിക്കും. ഇതുകൊണ്ടുതന്നെ ഈ കിടക്കകളിൽ ലൈംഗിക ബന്ധം സാധ്യമാകില്ലെന്നും ഒളിംപിക് വില്ലേജ് നടത്തിപ്പുകാർ പറയുന്നു.

ഒളിമ്പിക് പാരമ്പര്യമനുസരിച്ച് കായികതാരങ്ങൾക്കും ഒഫീഷ്യൽസിനും നൽകുന്ന സൗജന്യ കോണ്ടം ഉപയോഗിക്കരുതെന്നും അത്ലറ്റുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകരം, എച്ച് ഐ വി സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അവർക്കായി സുവനീറുകൾ നൽകുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.

ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി മൂലം ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടോക്യോയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം. വിജയികള്‍ക്കുള്ള മെഡല്‍ ദാന ചടങ്ങിലും പുതുമകളുണ്ട്. മത്സര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല.

ഇത്തവണ മെഡല്‍ ജേതാക്കളെ പോഡിയത്തില്‍ നിര്‍ത്തിയശേഷം ഒരു തളികയില്‍ മെഡലുകള്‍ നല്‍കുകയാണ് ചെയ്യുക. വിജയികള്‍ക്ക് മെഡലുകളെടുത്ത് ഒഴിഞ്ഞ ഗ്യാലറികള്‍ സാക്ഷിനിര്‍ത്തി സ്വയം കഴുത്തലണിയണം. സാധാരണയുള്ള മെഡലുകള്‍ സ്വീകരിച്ചശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇത്തവണ ഉണ്ടാകില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കാണ് പുതിയ മെഡല്‍ ദാന ചടങ്ങിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.

മെഡലുകള്‍വെച്ച തളികയുമായി വരുന്ന വ്യക്തി അണുവിമുക്തമാക്കിയ ഗ്ലൗസുകളും മാസ്‌കും ധരിച്ചിരിക്കുമെന്നും മെഡല്‍ ജേതാക്കളും മാസ്‌ക് ധരിക്കണമെന്നും തോമസ് ബാക്ക് പറഞ്ഞു. വിജയികള്‍ക്ക് തളികയില്‍ നിന്ന് അവരുടെ മെഡലുകളെടുത്തശേഷം സ്വയം കഴുത്തിലണിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ടോക്യോ നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്യോ നഗരത്തില്‍ 1149 പേര്‍ക്കാണ് ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week