തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അങ്കണവാടികളില്‍ ഭക്ഷണ മെനുവില്‍ മാറ്റം വരുത്തിയതായി മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇനിമുതല്‍ അങ്കണവാടികളിലെ ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം പാലും മുട്ടയും ഉള്‍പ്പെടുത്താനാണ് തീരുമാനം. ബജറ്റ് പ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ വിശപ്പ് രഹിത ബാല്യം പദ്ധതിക്കായി 61.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം തന്നെ ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി 1.3 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
കോവിഡ് ബാധയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. മാതാപിതാക്കളില്‍ ഒരാളെയോ, ഇരുവരെയോ നഷ്ടപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും പദ്ധതി പ്രകാരം ധനസഹായം നല്‍കും. പദ്ധതി പ്രകാരം കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുകയും, ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കുകയും ചെയ്യും.
പദ്ധതിക്കായി ഈ വര്‍ഷം 2 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് വിശപ്പ് രഹിത ബാല്യം പദ്ധതിക്കായി 61.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും, വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനത്തിനും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎന്‍ ബാലഗോപാലന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും, ഇതിന് പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപയും ബജറ്റ് വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കുന്നതോടെ ഗ്രാമീണ മേഖലക്ക് അത് വലിയ ആശ്വാസമായിരിക്കും. റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാകുന്ന രീതിയിലാണ് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആസൂത്രണം ചെയ്യുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മണ്‍റോ തുരുത്തില്‍ മാതൃക വീടു നിര്‍മാണത്തിനായി 2 കോടി രൂപയും കുട്ടനാട് മേഖലയില്‍ പ്രത്യേക വീടു നിര്‍മാണത്തിനായി 2 കോടി രൂപയും, കാലാവസ്ഥാ വ്യതിയാന പഠന പദ്ധതിക്ക് 5 കോടി റൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. കൂടാതെ മല്‍സ്യബന്ധന മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 240.6 കോടി രൂപ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 കോടി രൂപ അധികമാണ് ഇത്തവണ മല്‍സ്യബന്ധന മേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം തന്നെ തീരദേശ സംരക്ഷണത്തിന് 100 കോടിയും അനുവദിച്ചിട്ടുണ്ട്.