കൊച്ചി:സൗത്ത് ഇന്ത്യൻ സിനിമയിലെ റോക്ക് സ്റ്റാറാണ് സംഗീത സംവിധായകനും ഗായകനുമെല്ലാമായ അനിരുദ്ധ് രവിചന്ദർ. തെന്നിന്ത്യ കീഴടക്കിയതിന് ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു അടുത്തിടെ അനിരുദ്ധ് രവിചന്ദർ. മുപ്പത്തിമൂന്നുകാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. 21ആം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനിരുദ്ധ് പിന്നീട് നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു. അവയിൽ പലതും ആഗോളതലത്തിൽ വൈറലായ ഗാനങ്ങളായിരുന്നു. സൂപ്പർസ്റ്റാറുകളുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ താരത്തിന്റെ പ്രതിഫലം ഇപ്പോൾ കോടികളാണ്.
അനിരുദ്ധിൻ്റെ വളർച്ച അതിശയകരമായിരുന്നു. ഓരോ സിനിമകളിലും പ്രേക്ഷകർ ഏറ്റെടുക്കും വിധം തൻ്റെ സംഗീതത്തെ ജനകീയമാക്കി മാറ്റാൻ അനിരുദ്ധിന് കഴിഞ്ഞു. കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തോട് അഭിനിവേശം പ്രകടിപ്പിച്ച അനിരുദ്ധ് 2012ൽ പുറത്തിറങ്ങിയ ത്രി എന്ന ചിത്രത്തിൽ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്.
ഈ ട്രാക്ക് ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയതാണ്. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ നിരവധി വിവാദങ്ങളും അനിരുദ്ധിന്റെ പേരിലുണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയയുമായുള്ള പ്രണയം. ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ അടക്കം ഇന്റർനെറ്റിൽ ലീക്കായിട്ടുണ്ട്. എന്നാൽ ആ പ്രണയത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞു.
പക്ഷെ ഇപ്പോഴും ആൻഡ്രിയയും അനിരുദ്ധും സിംഗിൾ ലൈഫ് തന്നെയാണ് നയിക്കുന്നത്. എവിടെയും തന്റെ തകർന്ന പ്രണയത്തിലെ നായികയെ കുറിച്ചോ അവരുടെ പേരോ കാരണമോ ഒന്നും അനിരുദ്ധ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആദ്യമായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും കാമുകി ആൻഡ്രിയയായിരുന്നുവെന്നും അനിരുദ്ധ് വെളിപ്പെടുത്തി.
ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ വൈറലാകുന്നത്. ഇതുവരെയും എന്തുകൊണ്ടാണ് പ്രണയത്തിലായിരുന്നുവെന്ന് സമ്മതിക്കാതിരുന്നതും ആ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താതിരുന്നതുമെന്ന് അവതാരക ചോദിച്ചപ്പോഴാണ് മുൻ കാമുകിയെ കുറിച്ച് അനിരുദ്ധ് സംസാരിച്ചത്. ‘ഞാൻ പ്രണയിച്ച പെൺകുട്ടിയുടെ പേര് ആൻഡ്രിയ എന്നാണ്.’
‘അത് ബ്രേക്കപ്പായി നാളേറെയായി. ട്രൂലവ്വാണോയെന്ന് പറയാനാവില്ല. കാരണം അന്ന് എനിക്ക് പത്തൊമ്പതും ആൻഡ്രിയയ്ക്ക് 25 വയസുമായിരുന്നു വയസ് 25 ആയതുകൊണ്ട് സെറ്റാവാതെ പിരിഞ്ഞു’, എന്നാണ് അനിരുദ്ധ് പറഞ്ഞത്. മലയാളത്തിൽ അന്നയും റസൂലും ചെയ്തശേഷമാണ് ആൻഡ്രിയയ്ക്ക് കേരളത്തിൽ ആരാധകരുണ്ടായി തുടങ്ങിയത്. 1990 ഒക്‌ടോബർ 16ന് ചെന്നൈയിലാണ് അനിരുദ്ധ് ജനിച്ചത്.
നടൻ രവി രാഘവേന്ദ്രയുടെ മകനായ അനിരുദ്ധ് രജിനികാന്തിന്റെ അടുത്ത ബന്ധുവാണ്. രജിനികാന്തിന്റെ ഭാര്യ ലത രജിനികാന്തിന്റെ സഹോദരപുത്രനാണ് അനിരുദ്ധ്. ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിൽ നിന്നുമാണ് അനിരുദ്ധ് ബിരുദം നേടിയത്. പിന്നീട് ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോ പഠിച്ചു. അവിടെ ഒരു ഫ്യൂഷൻ ബാൻഡിന്റെ ഭാഗമായും അനിരുദ്ധ് പ്രവർത്തിച്ചിരുന്നു.
ഇന്ത്യയിൽ തിരിച്ചെത്തിയ അനിരുദ്ധ് ചെന്നൈയിലെ സൗണ്ട്‌ടെക്-മീഡിയയിൽ നിന്ന് സൗണ്ട് ഡിസൈനിംഗ് കോഴ്‌സ് ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റുന്ന സംഗീത സംവിധായകൻ കൂടിയാണ് അനിരുദ്ധ്. ആറ്റ്‌ലി ചിത്രം ജവാനിൽ 10 കോടിയാണ് അനിരുദ്ധ് ഈടാക്കിയത്.