ജ്യോതിഷാലയത്തിലെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യും, ശേഷം അത് കണ്ട് ആസ്വദിക്കും; ജ്യോതിഷി ഒടുവില്‍ പിടിയില്‍

കാട്ടാക്കട: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ആശ്ലീല വീഡിയോയുമായി ചേര്‍ക്കുന്ന ജ്യോതിഷിയായ തന്ത്രി അറസ്റ്റില്‍. മൈലോട്ടുമൂഴിയില്‍ ജ്യോതിഷാലയം നടത്തുന്ന നെയ്യാറ്റിന്‍കര മഞ്ചവിളാകം വിഷ്ണു ഭവനില്‍ വിഷ്ണുപോറ്റി എന്ന വിഷ്ണു(29)വാണ് പിടിയിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുടെയും, ജ്യോതിഷാലയത്തില്‍ എത്തുന്നവരുടെയും ചിത്രങ്ങള്‍ ശേഖരിച്ച് ലാപ്ടോപ്പില്‍ അശ്ലീല ചിത്രങ്ങളുമായും, വീഡിയോയുമായും മോര്‍ഫ് ചെയ്തു ചേര്‍ക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇത്തരം വീഡിയോകള്‍ ലാപ്ടോപ്പിലും പെന്‍ഡ്രൈവിലും സൂക്ഷിച്ച് സ്ഥാപനത്തിലും വീട്ടിലുമൊക്കെ ഇരുന്നു കാണുകയായിരുന്നു പ്രതിയുടെ വിനോദമെന്ന് പോലീസ് പറഞ്ഞു.

ജ്യോതിഷാലയത്തില്‍ എത്തിയ ഒരാള്‍ക്ക് അവിടെ നിന്നും ഒരു മെമ്മറി കാര്‍ഡ് കിട്ടി. ഇത് പരിശോധിച്ചപ്പോള്‍ ജ്യോതിഷാലയത്തിലും, ഇയാള്‍ പൂജ നടത്തുന്ന ഒരു ക്ഷേത്രത്തിലും എത്തിയിരുന്ന ഒരു സ്ത്രീയുടെ അശ്ലീലചിത്രം കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അവിടെയെത്തിയിരുന്ന പലരുടെയും അശ്ലീല ചിത്രങ്ങളും, വീഡിയോകളും കണ്ടെത്തി.

ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ആര്യനാട്ടെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരിക്കെയും ഇയാള്‍ സമാനമായ രീതിയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News