കൊല്ലം: ഭാരവാഹികളെ തെരഞ്ഞെടുത്ത് അറിയിക്കാനായി ബി.ജെ.പി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ എക്സല്‍ ഷീറ്റില്‍ ജാതി രേഖപ്പെടുത്താന്‍ കോളം നല്‍കിയത് വിവാദത്തില്‍. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം എന്നിവ രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതിയും ചോദിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ ഈ നടപടി പാര്‍ട്ടി ഘടകങ്ങളില്‍ ഇത് വലിയ വിവാദമായിരിക്കുകയാണ്. മുന്‍പെങ്ങും ഇങ്ങനെയൊരുരീതി പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തകരും രംഗത്തെത്തി. പേര്, സംഘടനാ ചുമതല, മൊബൈല്‍ നമ്പര്‍, ജനനത്തീയതി, ഇ-മെയില്‍ വിലാസം, ജാതി, വിദ്യാഭ്യാസയോഗ്യത, മേല്‍വിലാസം എന്നക്രമത്തിലാണ് എക്സല്‍ ഷീറ്റില്‍ വ്യക്തിവിവരം അയയ്ക്കേണ്ടത്.
അതേസമയം, ബിജെപി ഔദ്യോഗികമായി പുറത്തിറക്കിയ സര്‍ക്കുലറുകളില്‍ ജാതിയുടെ കാര്യം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ ‘ജാതി സന്തുലനം’ പാലിക്കണമെന്ന കര്‍ശന നിര്‍ദേശം പാര്‍ട്ടി ഘടകങ്ങള്‍ക്ക് ബിജെപി നേതൃത്വം വാക്കാല്‍ നല്‍കിയിട്ടുമുണ്ട്. സംസ്ഥാനസമിതിയംഗങ്ങളെ തീരുമാനിച്ചപ്പോഴും ജാതി പ്രധാന ഘടകമായിരുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ജാതി രേഖപ്പെടുത്തുന്നതെന്നാണ് ചില നേതാക്കള്‍ കീഴ്ഘടകങ്ങളോടു പറഞ്ഞത്.
എന്നാല്‍ ഈ നീക്കത്തോടെ മികവുള്ള പ്രാദേശികനേതാക്കള്‍ക്ക് അവസരം നഷ്ടമായെന്നാണ് പ്രാദേശിക നേതൃത്വങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മേഖലാ സംഘടനാ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരം ജാതി സന്തുലനത്തിന്റെ പേരില്‍ പലരെയും ഒഴിവാക്കിയതായി ആക്ഷേപമുയര്‍ന്നു. കൃഷ്ണദാസ് പക്ഷത്തെ ചില പ്രമുഖ പ്രാദേശികനേതാക്കളെ ‘വെട്ടാ’നും ജാതി ആയുധമാക്കിയതായി ആരോപണമുണ്ടായി.
ജാതിമാത്രം മാനദണ്ഡമാകുകയും പ്രവര്‍ത്തനമികവും പരിചയവും പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നാണ് വിമര്‍ശനം. സംഘടനയുടെ ചരിത്രത്തിലിതുവരെ ജാതിനോക്കി നേതാക്കളെ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിപി മുകുന്ദന്‍ പറഞ്ഞു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ ജാതിചിന്ത വളര്‍ത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.