28.4 C
Kottayam
Thursday, May 30, 2024

‘മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി വ്യാജം’ ആരോപണവുമായി കെ.എസ്.യു

Must read

കൊച്ചി∙ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. പിഎച്ച്ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടത്തിയെന്നു രതീഷ് കാളിയാടൻ തട്ടിപ്പുകാരനാണെന്നും അയാളെ തൽസ്ഥാനത്തുനിന്നു നീക്കണമെന്നും അലോഷ്യസ് സേവ്യർ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2009-17 കാലത്ത് കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, 2012-14ൽ അസമിൽനിന്നു ചട്ടവിരുദ്ധമായാണ് രതീഷ് കാളിയാടൻ ഒരേ സമയം മുഴുവൻ സമയ പിഎച്ച്ഡി നേടിയത്. അസം സർവകലാശാലയിൽനിന്നും പിഎച്ച്ഡി നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധത്തിന്റെ മുഴുവൻ കോപ്പിയടി തോത് ടർനിടിൻ (turnitin) സോഫ്റ്റ്‌വെയർ പ്രകാരം 70% ആണ്. ഓരോ അധ്യായവും എടുത്ത് പ്രത്യേകം പരിശോധിച്ചപ്പോഴും വലിയ കോപ്പിയടി തോത് വ്യക്തമായെന്നും അലോഷ്യസ് പറഞ്ഞു. 

ചാപ്റ്റർ 1 -85%

ചാപ്റ്റർ 2 -95%

ചാപ്റ്റർ 3 -62%

ചാപ്റ്റർ 4 -66%

ചാപ്റ്റർ 5 -86%– എന്നിങ്ങനെയാണിത്.

ഇന്റർനെറ്റ്, പ്രസിദ്ധീകരണങ്ങൾ, വിദ്യാർഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽനിന്നുമാണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്. ഏറ്റവും വ്യക്തമായ രീതിയിൽ കോപ്പിയടി തോത് പ്രകടമാക്കുന്ന അംഗീകരിക്കപ്പെട്ട യുജിസി അംഗീകൃത സോഫ്റ്റ്‌വെയർ ആണ് ടർനിടിൻ.

കേരളത്തിൽ രതീഷ് കാളിയാടൻ ഹയർസെക്കൻഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിൽ ആണ് അസം സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയതായി രേഖയിൽ ഉള്ളത്. ഇവിടെ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് എങ്ങനെ അസമിൽ പോയി പിഎച്ച്ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നുള്ളതു ദുരൂഹമാണ്. പിഎച്ച്ഡി ചെയ്യാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോൾ രതീഷ് കാളിയാടൻ രണ്ടുവർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കി. മാത്രമല്ല യുജിസി നിഷ്കർഷിക്കുന്ന കോഴ്സ് വർക്ക് ഇദ്ദേഹം ചെയ്തിട്ടില്ല എന്നതും വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു.

തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായ ജോലി ചെയ്തു സർക്കാർ ശമ്പളം വാങ്ങി, അതേസമയം തന്നെ അസമിൽ പിഎച്ച്ഡി ചെയ്തു. പിഎച്ച്ഡി പ്രബന്ധത്തിൽ വലിയ തോതിൽ കോപ്പിയടി പ്രകടമാവുകയും ചെയ്തു. കണ്ണൂർ സർവകലാശാലയിൽ ജേണലിസം വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ നീക്കങ്ങൾ ആരംഭിച്ചതായും ആക്ഷേപമുണ്ട്. 

1–10–2012 മുതൽ 5–11–2014 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം പിഎച്ച്ഡി ചെയ്തത്. മുഴുവൻ സമയ പിഎച്ച്ഡി ചെയ്യുമ്പോൾ 80 ശതമാനത്തിനു മുകളിൽ ഹാജർ ഗവേഷണ സെന്ററിൽ ഉണ്ടാകണമെന്നു നിബന്ധനയുണ്ട്. ഇദ്ദേഹം ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന കാലയളവിൽ എങ്ങനെയാണ് അസമിൽ 80% ഹാജർ നേടിയത് എന്നത് അന്വേഷണവിധേയമാക്കണമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപെട്ടു.

കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ കേരള സർവകലാശാലയിലും കലിംഗയിലും ഒരേ സമയം പഠിച്ച പോലെ തലശേരിയിൽ പഠിപ്പിച്ചുകൊണ്ട് അസമിൽ പഠിച്ചു എന്നു പറയുന്നതിൽ വൈരുധ്യം ഉണ്ട്. എത്തരത്തിൽ ആണ് ഇയാളെ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശകൻ ആക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കണം. കോപ്പിയടിച്ച പിഎച്ച്ഡി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസം സർവകലാശാലയ്ക്കും ഇതിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് യുജിസിക്കും പരാതി കൊടുക്കുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

അതേസമയം, തന്റേത് വ്യാജ പിഎച്ച്ഡിയല്ലെന്ന് രതീഷ് കാളിയാടന്‍ പറഞ്ഞു. ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണ്. കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കൊപ്പം പാര്‍ട്‌ടൈമായി ഗവേഷണം നടത്തുന്നതിനു തടസ്സമില്ലെന്നും രതീഷ് കാളിയാടന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week