മുംബൈ: വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് വിഭ കങ്കണ്‍വാഡി, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഔറംഗബാദ് ബെഞ്ചിന്റേതാണ് വിധി. സ്ത്രീയോട് കുടുംബത്തിനുവേണ്ടി വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് വീട്ടുജോലിക്കാരിയുടെ തൊഴിലുമായി താരതമ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. അകന്നുകഴിയുന്ന ഭര്‍ത്താവിനും ഭര്‍ത്തൃമാതാപിതാക്കള്‍ക്കുമെതിരേ യുവതി നല്‍കിയ ഗാര്‍ഹികപീഡനപരാതിയിലാണ് കോടതി ഉത്തരവ്.
തുടര്‍ന്ന്, ഭര്‍ത്താവിന്റെയും രക്ഷിതാക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസ് ഹൈക്കോടതി റദ്ദാക്കി. വിവാഹശേഷം ആദ്യമാസം നന്നായി പെരുമാറിയിരുന്ന കുടുംബം അതിനുശേഷം വീട്ടുവേലക്കാരിയെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നായിരുന്നു യുവതിയുടെ പരാതി. കൂടാതെ, കാര്‍ വാങ്ങാന്‍ നാലുലക്ഷം രൂപനല്‍കാന്‍ ഭര്‍ത്താവും ഭര്‍ത്തൃ മാതാപിതാക്കളും ആവശ്യപ്പെട്ടുവെന്നും അതിന്റെ പേരില്‍ ഭര്‍ത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പറയുന്നുണ്ടെങ്കിലും എങ്ങനെ പീഡിപ്പിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. യുവതി വീട്ടുജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് വിവാഹത്തിനുമുമ്പുതന്നെ പറയേണ്ടതായിരുന്നു. എങ്കില്‍ വരന് വിവാഹത്തെക്കുറിച്ച് പുനര്‍വിചിന്തനത്തിന് അവസരം ലഭിക്കുമായിരുന്നു. വിവാഹത്തിനുശേഷമാണെങ്കില്‍ അത് നേരത്തേത്തന്നെ പരിഹരിക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മാനസികവും ശാരീരികവുമായ പീഡനമെന്ന് വെറുംവാക്ക് പറഞ്ഞാല്‍ കേസെടുക്കാനാകില്ല. പീഡനം എന്തായിരുന്നെന്ന് വ്യക്തമായി വിശദീകരിച്ചാല്‍മാത്രമേ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാകൂവെന്നും നിരീക്ഷിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.
വിവാഹം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷം, കാര്‍ വാങ്ങാനായി ഭര്‍ത്താവിന്റെ കുടുംബം നാലുലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ തുക തന്റെ പിതാവിന് താങ്ങാന്‍ കഴിയാത്തതാണ്. പണം നല്‍കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍, ആദ്യ വിവാഹത്തിലെ ഭര്‍ത്താവിനെതിരേയും സമാന ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി പരാതി നല്‍കിയിരുന്നെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. അന്ന് ആദ്യ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടതായും ഇയാള്‍ ചൂണ്ടിക്കാട്ടി. നേരത്തെ നല്‍കിയ പരാതികള്‍ പുതിയ കേസില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി.