മികച്ച നടനുള്ള അവാര്‍ഡ് ആഗ്രഹിച്ചിരുന്നു, മമ്മൂക്കക്കൊപ്പം മത്സരിക്കാനായത് വലിയ നേട്ടം; പ്രതികരണവുമായി ആസിഫ് അലി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് താന്‍ ആഗ്രഹിച്ചിരുന്നു എന്ന് മികച്ച നടനുള്ള ജൂറി പുരസ്‌കാരം നേടിയ നടന്‍ ആസിഫ് അലി. മമ്മൂട്ടിയോടൊപ്പം മത്സരിക്കാനായതുതന്നെ വലിയ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മമ്മൂക്കയോടൊപ്പം മത്സരിക്കുന്നതുതന്നെ വലിയ നേട്ടമാണ്. അതൊരു വലിയ അംഗീകാരംതന്നെയായിരുന്നു. പ്രത്യേക ജൂറി പുരസ്‌കാരം എന്നത് സ്വപ്‌നംകാണാന്‍ കഴിയുന്നതിലും അപ്പുറമുള്ള കാര്യമായാണ് കരുതുന്നത്. മികച്ച നടനുള്ള അവാര്‍ഡ് ആഗ്രഹിച്ചിരുന്നു. അതിന് ഇനിയും സമയമുണ്ട്. ഇനിയും ശ്രമിക്കാനുണ്ട്. ഒരു ദിവസം അവിടെയെത്തും, ആസിഫ് പറഞ്ഞു.

“സന്തോഷമുണ്ട്. കഴിഞ്ഞ നാലഞ്ച് ദിവസമായി വളരെയധികം എക്‌സൈറ്റ്‌മെന്റിലായിരുന്നു. പുരസ്‌കാര പ്രഖ്യാപനം പല തവണ മാറ്റിവെച്ചു. ഫൈനല്‍ ലിസ്റ്റില്‍ മമ്മൂക്കയോടൊപ്പം എൻറെ പേര് കണ്ടതുമുതല്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റിലായിരുന്നു. ആ നോമിനേഷന്‍ തന്നെ ഞാന്‍ കണ്ടതിന്റെ പീക്കാണ്. ഇപ്പോള്‍ കിട്ടിയ പ്രത്യേക ജൂറി പരാമര്‍ശം എന്നെ സംബന്ധിച്ച് മുന്നോട്ടുള്ള കരിയറില്‍ മാത്രമല്ല എന്റെ വ്യക്തിജീവിതത്തിലും വലിയ ഇന്ധനമാണ്.

കരിയറില്‍ പല സമയത്തും എനിക്ക് ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഓരോതവണയും താഴ്ച്ചയിലേക്ക് പോകുമ്പോള്‍ ഒരു മികച്ച മുന്നേറ്റമുണ്ടാകും എന്ന് മനസ്സുകൊണ്ട് എപ്പോഴും ആഗ്രഹിക്കാന്‍ ശ്രമിക്കുമായിരുന്നു. ശ്രമിച്ചാല്‍ നേടാന്‍ കഴിയുമെന്നും പോകുന്നത് ശരിയായ ട്രാക്കിലാണെന്നും തോന്നുന്നത് ഇങ്ങനെയുള്ള അംഗീകാരം കിട്ടുമ്പോഴാണ്,” ആസിഫ് കൂട്ടിച്ചേർത്തു.

“തൊടുപുഴയില്‍നിന്ന് ഉമ്മയും ഉപ്പയും എത്തിയിട്ടില്ല. ആദ്യം അവരെ കാണാനും സംസാരിക്കാനുമാണ് എനിക്ക് തോന്നുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഇങ്ങനെയുള്ള അംഗീകാരങ്ങളൊന്നും മേടിച്ച് അവരെ സന്തോഷിപ്പിക്കാന്‍ പറ്റിയിട്ടില്ല, ഇതൊന്ന് കാണിച്ചുകൊടുക്കണമെന്നുണ്ട്,” ആസിഫ് തന്റെ സന്തോഷം പങ്കുവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News