Home-bannerKerala

അടരുവാൻ വയ്യ…ഒടുവിൽ ആര്യയും സേറയും നാട്ടിലെത്തി

തിരുവനന്തപുരം: ഒടുവിൽ ആര്യയും സേറയും (Arya and Sera) നാട്ടിലെത്തി. യുക്രൈൻ റഷ്യ (Russia Ukraine Crisis) സംഘർഷ ഭൂമിയിൽ നിന്നാണ് മെഡിക്കൽ വിദ്യാർത്ഥിയായ ആര്യയും (Medical Student Arya) വളർത്തുനായ സേറയും (Pet dog Sera) സുരക്ഷിതരായി നാട്ടിലെത്തിയിരിക്കുന്നത്. വളർത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാർഢ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. യുക്രൈൻ റഷ്യ സംഘർഷത്തിൽ നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ‌ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. അവരിൽ ഭൂരിഭാ​ഗവും വിദ്യാർത്ഥികളാണ്. സംഘർഷം ആരംഭിച്ചപ്പോൾ മുതൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആര്യ തിരികെ നാട്ടിലെത്താൻ ശ്രമിച്ചിരുന്നു. വസ്ത്രങ്ങളടക്കം പ്രധാനപ്പെട്ട പലതും കയ്യിലെടുക്കാതെയാണ് ആര്യ അധികൃതർ ഏർപ്പെടുത്തിയ ബസ്സിൽ അതിർത്തിയിലെത്തിയത്. എന്നാൽ തന്റെ അരുമയായ വളർത്തുനായ സേറയെ ഉപേക്ഷിച്ചുപോരാൻ ആര്യ തയ്യാറായില്ല. 

സൈബീരിയൻ ഹസ്കി ഇനത്തിൽ പെട്ട വളർത്തുനായ ആണ് സേറ. സേറക്ക് കൂടി യാത്രാനുമതി ലഭിക്കാതെ നാട്ടിലേക്ക് തിരികെയില്ലെന്നായിരുന്നു ആര്യയുടെ നിലപാട്. ഇക്കാര്യം നാട്ടിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ആര്യ അറിയിക്കുകയും ചെയ്തിരുന്നു. ‘നാഷണല്‍ പിരോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി’യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആര്യ. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യക്ക് സേറയെ ലഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ അ​ഗാധമായ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. അതിർത്തിയിലെ ഒരു ഇന്ത്യൻ അഭയാർത്ഥി കേന്ദ്രത്തിലായിരുന്നു ആര്യയും സേറയും ഉണ്ടായിരുന്നത്. ഇവിടേക്കുള്ള യാത്രയിൽ സേറക്കുള്ള ഭക്ഷണവും ആര്യ കയ്യിൽ കരുതിയിരുന്നു. 

”ആദ്യം ഞാനോർത്തു ഡേ കെയറിൽ ആക്കിയിട്ട് പോരാം എന്ന്. എനിക്ക് ക്ലാസ്സുള്ള സമയത്ത് പോലും പോയിട്ട് തിരിച്ചുവരുന്ന സമയത്ത് അവൾക്കുള്ള പാത്രത്തിലെ ഫുഡ് അങ്ങനെ തന്നെയിരിക്കും.  ഏകദേശം 20 കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. അവൾ കുഞ്ഞായത് കൊണ്ട് പുറത്തിറങ്ങി അത്ര വലിയ പരിചയമില്ല. പുറത്തെ വണ്ടിയും ആൾക്കൂട്ടവുമൊക്കെ കണ്ടപ്പോൾ പേടിയായിരുന്നു. എനിക്ക് എടുക്കേണ്ടി വന്നു. അവൾ എന്റെ കൂടെ നന്നായി സഹകരിച്ചു. അവളും കുറെ നടന്നു. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ അവളുടെ കാലിന് വയ്യാണ്ടായതായി എനിക്ക് തോന്നി. ബാ​ഗിൽ ഭക്ഷണസാധനങ്ങളും ഡ്രസുമൊക്കെയായിരുന്നു. അതൊക്കെ ഞാൻ വഴിയിൽ വെച്ചു. അവളെ എടുക്കാൻ വേണ്ടിയിട്ട്. ഇട്ടേക്കുന്ന ഡ്രസ്സും അവളുടെ ഡോക്യുമെന്റ്സും ഉണ്ട്.” ആര്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button