തിരുവനന്തപുരം: ചലച്ചിത്ര കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കേരളീയം മേളയില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട് . രാജാവിന്‍റെ മകൻ, മനു അങ്കിള്‍ , കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍ , പത്രം, ലേലം , റണ്‍ ബേബി റണ്‍, അമൃതം , പാര്‍വ്വതീ പരിണയം , ഒറ്റയടിപ്പാതകള്‍ , ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ സാബു പ്രവദാസ് മലയാള സിനിമയിലെ വിവിധ ധാരകളില്‍പ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകരുമായി ഗാഢമായ സൗഹൃദം പുലര്‍ത്തിയിരുന്നു .
ഐ എഫ് എഫ് കെ അടക്കമുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട് . കലാ രംഗത്തെ മാറിവരുന്ന സാങ്കേതിക വിദ്യകള്‍ പഠിക്കാനും അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാനും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നു . ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ രൂപീകരണ നേതാവായ ഇദ്ദേഹം മാക്ട , ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവിതൊട്ടേ സംഘടനാ തലത്തില്‍ കലാപരമായ പ്രചാരണങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു പോന്നു .
എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെയും മേനക സുകുമാരന്റെയും എട്ടു മക്കളില്‍ മൂത്ത പുത്രനാണ് സാബു പ്രവദാസ് . നിശ്ചലഛായാഗ്രാഹകൻ അമ്ബിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി ജി വിശ്വംഭരൻ സഹോദരീഭര്‍ത്താവും ആണ്. ഷേര്‍ളി സാബു ഭാര്യയും അശ്വിൻ സാബു മകനുമാണ്.