ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ലഷ്കർ ഭീകരർക്കെതിരെ സൈന്യത്തിന്റെ 'ബിസ്ക്കറ്റ് ഓപ്പറേഷൻ'. ലക്ഷ്‌കര്‍ ഭീകരനായ ഉസ്മാനെ വധിക്കുന്നതിനാണ് സൈന്യം ബിസ്‌ക്കറ്റ് ഓപ്പറേഷന്‍ നടത്തിയത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തന്നെയാണ് ദൗത്യത്തില്‍ ബിസ്‌കറ്റ് വഹിച്ച പങ്ക് വെളിപ്പെടുത്തിയത്.
ഖാന്‍യറില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഉസ്മാന്‍ എത്തിയതായി ഇന്റലിജന്‍സ് വിഭാഗം സൈന്യത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പ്രദേശത്ത് എത്തിയത്. ആസൂത്രണത്തിനിടെ പ്രദേശത്തെ തെരുവ് നായ്ക്കള്‍ സൈന്യത്തിന് വെല്ലുവിളിയായി. ദൗത്യത്തിനിടെ തെരുവുനായ്ക്കള്‍ കുരച്ചാല്‍ അത് ഉസ്മാന്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് സംശയം തോന്നാനിടയാകുമെന്ന് സൈന്യം മനസിലാക്കി. തുടര്‍ന്നാണ് ബിസ്‌ക്കറ്റ് പ്രയോഗിക്കാന്‍ സൈന്യം തീരുമാനിച്ചത്.
ദൗത്യത്തിന് പോകുന്ന സേനാംഗങ്ങള്‍ ആയുധങ്ങള്‍ക്കൊപ്പം ബിസ്‌കറ്റുകള്‍ കൂടി കൈവശംവെച്ചു. ഭീകരര്‍ തമ്പടിച്ച കേന്ദ്രത്തിന് സമീപമെത്തിയ സൈനികര്‍ അത് തെരുവുനായ്ക്കള്‍ക്ക് നല്‍കി. ഇതോടെ നായ്ക്കള്‍ നിശബ്ദരായി ബിസ്‌കറ്റ് കഴിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഭീകരരുള്ള സ്ഥലത്തേക്ക് സൈന്യം പ്രവേശിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഉസ്മാനെ സൈന്യം വധിച്ചു. ആക്രമണത്തിനിടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു.