KeralaNews

അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി; മൂന്നാം പ്രതി അജ്മലിന് ജാമ്യം

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാല്‍ കേസില്‍ മൂന്നാം പ്രതിയും ആയങ്കിയുടെ സുഹൃത്തുമായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കി ആണെന്നായിരുന്നു കോടതിയില്‍ കസ്റ്റംസിന്റെ പ്രധാനവാദം.

അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല, ഷാഫി, കേസുമായി ബന്ധപ്പെട്ട മറ്റ് നിരവധി പേരെ ചോദ്യം ചെയ്തതിന്റെ മൊഴി പകര്‍പ്പ് മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആയങ്കിയുടെ സുഹൃത്താണ് അജ്മല്‍. സ്വര്‍ണം കടത്താന്‍ ഷെഫീഖിന് നിര്‍ദേശം നല്‍കിയത് അജ്മലാണ്.

അര്‍ജുന്‍ ആയങ്കിക്കു ജാമ്യം നല്‍കിയാല്‍ രാജ്യത്തെ വലിയ കുറ്റവാളിയായി മാറിയേക്കാമെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചിരിന്നു. അര്‍ജുന്‍ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു കള്ളക്കടത്തു സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് പറഞ്ഞിരിന്നു. ജാമ്യം നല്‍കിയാല്‍ അതു വലിയ കുറ്റകൃത്യങ്ങള്‍ക്കു വഴിവയ്ക്കും. അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് വാദിച്ചു.

അറസ്റ്റിലായ അജ്മലിന്റെ മൊഴിയില്‍ അര്‍ജുന്റെ പങ്ക് വ്യക്തമാണ്. അര്‍ജുന് നേരത്തെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ഇടപെട്ട് ഇതെല്ലാം അവസാനിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും ഭാര്യ അമല മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button