ലോറി തകര്‍ത്ത് അരിക്കൊമ്പന്‍; അരിയും പഞ്ചസാരയും ഭക്ഷിച്ചു

ഇടുക്കി: പൂപ്പാറ തലകുളത്ത് വീണ്ടും ഒറ്റയാന്‍ ‘അരിക്കൊമ്പന്റെ’ ആക്രമണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന തകര്‍ത്തു. ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്. അക്രമസക്തനായ ‘അരിക്കൊമ്പനെ’ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. മറ്റ് നടപടികള്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം എത്തിയതിന് ശേഷം യോഗം ചേര്‍ന്ന് വിലയിരുത്തും. പിന്നീടാകും ദൗത്യത്തിലേയ്ക്ക് കടക്കുകയെന്നും ദേവികുളം റേഞ്ച് ഓഫീസര്‍ പറഞ്ഞു.

അരുണ്‍ സക്കറിയ നയിക്കുന്ന സംഘത്തില്‍ 26 ഉദ്യോഗസ്ഥരുണ്ടാകും. അരിക്കൊമ്പനെ മെരുക്കാന്‍ നാല് കുങ്കിയാനകളെയും കൊണ്ടുവരും. ആനയെ പിടിക്കാന്‍ ശ്രമിക്കുന്ന ദിവസങ്ങളില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷത്തീയതികള്‍ ഒഴിവാക്കിയാകും നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്നും മന്ത്രി ശശീന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അരിക്കൊമ്പനെ പിടികൂടുന്നത് വിജയകരമായാല്‍ പ്രശ്‌നക്കാരായ ചക്കക്കൊമ്പന്‍, മുറിവാലന്‍ എന്നീ ഒറ്റയാന്‍മാരുടെ കാര്യത്തിലും തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News