FootballKeralaNewsSports

ISL: കുറ്റം മുഴുവന്‍ ഇവാന്,വിവാദ റഫറിക്ക് ശമ്പളവര്‍ധന? മികച്ച റഫറിക്കുള്ള പുരസ്‌കാരവും

മുംബൈ:ഐഎസ്എല്ലില്‍ റഫറിയുടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മല്‍സരം ബഹിഷ്‌കരിച്ചതില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ കടുത്ത നടപടിക്കു സാധ്യത. ബെംഗളൂരുവും എടിക്കെ മോഹന്‍ ബഗാനും തമ്മിലുള്ള ഫൈനലിനു ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നാണ് വിവരം.

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കോമനോവിച്ചിനെതിരേ കുറ്റം ചുമത്തിയ എഐഎഫ്ഫ് ക്ലബിനു നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാനും ഗെയിമിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഫെഡറേഷന്റെ വിലയിരുത്തല്‍. കോച്ചിനു വിലക്കും ക്ലബ്ബിനു വലിയ തുകയും പിഴയായി ലഭിച്ചേക്കുമെന്നു സൂചനയുണ്ട്.

ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മില്‍ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേഓഫ് മല്‍സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു നാടകീയ രംഗങ്ങള്‍. ബ്ലാസ്‌റ്റേഴ്‌സിന് എതിരായി ബോക്‌സിന് അരികില്‍ വച്ച് റഫറി ക്രിസ്റ്റല്‍ ജോണ്‍ ഫ്രീകിക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളോ, ഗോളി പ്രഭ്‌സുഖന്‍ ഗില്ലോ തയ്യാറെടുക്കും മുമ്പ് വളരെ പെട്ടെന്നു സുനില്‍ ഛേത്രി ഫ്രീകിക്ക് വലയിലെത്തിക്കുകയായിരുന്നു. റഫറി വിസില്‍ പോലും വിളിച്ചിരുന്നില്ല.

സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെതിരേ ബ്ലാസ്‌റ്റേസ് താരങ്ങള്‍ റഫറി ജോണിനോടു പ്രതിഷേധിക്കുകയും വാദിക്കുകയും ചെയ്‌തെങ്കിലും തീരുമാനം മാറ്റില്ലെന്നു റഫറി വ്യക്കമാക്കുകയായിരുന്നു. ഇതിനിടെയാണ് തികച്ചും നാടകീയമായി ഗ്രൗണ്ടില്‍ നിന്നും തിരികെ വരാന്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാരോടു കോച്ച് ഇവാന്‍ ആവശ്യപ്പെട്ടത്. റഫറിയുടെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ടീം ഒന്നടങ്കം ഡ്രസിങ് റൂമിലേക്കു തിരികെ പോവുകയും ചെയ്തു. തുടര്‍ന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.

റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും മല്‍സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പിന്നീട് എഐഫ്എഫിനു അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് അച്ചടക്കസമിതി ഇതു പരിശോധിക്കുകയും റഫറിയില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അപേക്ഷ തള്ളിയ എഐഎഫ്എ് കളി വീണ്ടും നടത്താന്‍ കഴിയില്ലെന്ന പ്രഖ്യാപിക്കുകയുമായിരുന്നു.

ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കോമനോവിച്ചിനെതിരേ എഐഎഫ്എഫ് കുറ്റം ചുമത്തുകയും ക്ലബ്ബിനു നോട്ടീസ് നല്‍കുകയും ചെയ്തതോടെ ടീമിന്റെ ആരാധകര്‍ കടുത്ത രോഷത്തിലാണ്. സോഷ്യല്‍ മീഡയയിലൂടെ അവര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ഫാന്‍സ്, എല്ലാവരും ഇവാന്റെ മുഖം സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചര്‍ ആക്കി വയ്ക്കുകയെന്നായിരുന്നു കോച്ചിനു പിന്തുണ അറിയിച്ച് ഒരു ആരാധകന്റെ പ്രതികരണം.

നമ്മള്‍ വെറുതെ ഐഎസ്എല്‍ കണ്ടു സമയം കളയരുത്. നമുക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വരുന്നതിനു മുമ്പ് നമ്മള്‍ വിദേശരാജ്യങ്ങളെയും അവരുടെ ടീമുകളെയാണ് ആശ്രയിച്ചിരിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു കളഞ്ഞേക്ക്. ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇവിടുത്തെ ഫുട്‌ബോള്‍ താഴോട്ടാണെന്നായിരുന്നു ഒരു പ്രതികരണം.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ വിവാദ ഗോള്‍ അനുവദിച്ച് ബെംഗളൂരു എഫ്‌സിയുടെ ഹീറോയായി മാറിയ റഫറി ക്രിസ്റ്റല്‍ ജോണിന് എന്താണുള്ളത്? അഭിനന്ദനവും ശമ്പള വര്‍ധനയുമാണോയെന്നായിരുന്നു ഒരു പരിഹാസം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച റഫറിക്കുള്ള പുരസ്‌കാരം ക്രിസ്റ്റല്‍ ജോണിനു നല്‍കുമെന്നു ഉറപ്പായിരിക്കുകയാണെന്നു ഒരു യൂസര്‍ കളിയാക്കുകയും ചെയ്തു.

രാജാവ് നഗ്നനാണെന്നു തുറന്നു പറയുകയാണ് ഇവാന്‍ വുക്കോമനോവിച്ച് ചെയ്തത്. ശരിക്കും രാജാവ് നഗ്നന്‍ തന്നെയാണ്. ഗെയിമിന്റെ നിലവാരം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് മോശം റഫറിയിങാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഐഎസ്എല്ലിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളാണ് ക്രിസ്റ്റല്‍ ജോണെന്നു നമ്മള്‍ സമ്മതിച്ചേ തീരൂ. ഐഎസ്എല്ലിലെ അവസാനഘട്ട മല്‍സരങ്ങില്‍ 20-25 വാര അകലെ നിന്നും അതിവേഗ ഫ്രീകിക്കുകള്‍ (quick free kick) എടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഓരോ തവണയും റഫറി ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്യുകയും വാള്‍ (wall) നിര്‍മിക്കുകയും ചെയ്ത ശേഷമാണ് കിക്കുകള്‍ അനുവദിച്ചതെന്നും ഒരു യൂസര്‍ കുറിച്ചു.

ഫുട്‌ബോളിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത അച്ചടക്ക സമിതിയിലെ അഭിഭാഷകര്‍ക്കു എഐഎഫ്എഫ് നോട്ടീസ് നല്‍കിയാല്‍ എങ്ങനെയിരിക്കും? എഐഎഫ്എഫിനായി നിയമം വളച്ചൊടിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇപ്പോഴത്തെ നടപടിയിലൂടെ എഐഎഫ്എഫ് എന്തു മാതൃകയാണ് നമുക്ക് കാണിച്ചുതരുന്നത്? 16ാം സെഞ്ച്വറിയിലെ എഐഎഫ്എഫിന്റെ റഫറിമാരാണ് യഥാര്‍ഥത്തില്‍ കുറ്റക്കാരെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിനെയും കോച്ച് ഇവാന്‍ വുക്കോമനോവിച്ചിനെയും ശിക്ഷിക്കുന്നതിനു മുമ്പ് നിങ്ങള്‍ ആദ്യം ഇന്ത്യന്‍ റഫറിമാര്‍ക്ക് അടിസ്ഥാന കാര്യങ്ങളില്‍ പരിശീലനം നല്‍കൂയെന്നായിരുന്നു ഒരു പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker